പണ്ടാര ഭൂമിയുടെ പേരിൽ 3,117 വീടുകളും 70 ആരാധനാലയങ്ങളും ഒഴിപ്പിക്കപ്പെടും; ആശങ്കയോടെ ലക്ഷദ്വീപ് ജനത

അർഹമായ നഷ്ടപരിഹാരം ലഭിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല

Update: 2024-07-01 01:27 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: പണ്ടാര ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷദ്വീപ് ഭരണകൂടം ഒരുങ്ങുമ്പോൾ കൂട്ടക്കുടിയൊഴുപ്പിക്കലിനാണ് കളമൊരുങ്ങുന്നത്. 3117 വീടുകളും, നിരവധി ആരാധനാലയങ്ങളും ഉൾപ്പെടെ ഒട്ടേറെ കെട്ടിടങ്ങൾ ഒഴിപ്പിക്കപ്പെടും. ഒന്നരലക്ഷം തെങ്ങുകളും മുറിച്ചു മാറ്റേണ്ടിവരും. എന്നാൽ അർഹമായ നഷ്ടപരിഹാരം ലഭിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

കാർഷികാവശ്യങ്ങൾക്കായി ലീസിന് നൽകിയ പണ്ടാരം ഭൂമി തിരികെ അടിയന്തരമായി തിരിച്ചുപിടിക്കണമെന്ന് ഈ മാസം 27നാണ് ലക്ഷദ്വീപ് ഭരണകൂടം ഡെപ്യൂട്ടി കലക്ടർമാർക്ക് നിർദേശം നൽകിയത്. വിവിധ ദ്വീപുകളിലായി 575.75 ഹെക്ടർ ഭൂമിയാണ് ദ്വീപ് ഭരണകൂടം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നത്. വികസന പ്രവർത്തനങ്ങൾക്ക് ഭൂമി കണ്ടെത്താൻ വേണ്ടി എന്നാണ് വിശദീകരണം.

ഭൂമി തിരിച്ചുപിടിക്കുമ്പോൾ, 3117 വീടുകൾ കുടിയൊഴിപ്പിക്കേണ്ടി വരും. 431 വ്യവസായി കെട്ടിടങ്ങളും 70 ആരാധനാലയങ്ങളും 662 മറ്റുള്ള കെട്ടിടങ്ങളും പൊളിക്കപ്പെടും. വീടുകൾ കുടിയൊഴിപ്പിക്കപ്പെടുമ്പോൾ ഇവർ എവിടേക്ക് മാറുമെന്ന ആശങ്കയാണ് ദ്വീപ് മുഴുവൻ. 1,5,2871 തെങ്ങുകളും 596 മറ്റു മരങ്ങളും മുറിച്ചു മാറ്റേണ്ടിവരും. സമയബന്ധിതമായി നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ദീപ് ഭരണകൂടം നൽകിയിരിക്കുന്ന നിർദേശം. അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കും എന്ന് പറയുമ്പോൾ പോലും  ഇതിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

അതിനിടെ, ലക്ഷദ്വീപ് എംപി ഹംദുല്ല സഈദിനെതിരെ പ്രതിഷേധവുമായി എൻസിപി രംഗത്തെത്തി. സത്യപ്രതിജ്ഞക്ക് ശേഷം, ലക്ഷദ്വീപിൽ മടങ്ങിയെത്തിയ ഹംദുല്ല സഈദ്, അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലുമായി കൂടിക്കാഴ്ച നടത്തുകയുംപൊന്നാട അണിയിക്കുകയും ചെയ്തിരുന്നു. പണ്ടാരം ഭൂമി തിരിച്ചുപിടിക്കൽ നടപടികളുമായി മുന്നോട്ടുപോകുന്ന ദ്വീപ് ഭരണകൂടത്തിന് ഇത് തെറ്റായ സന്ദേശം നൽകുമെന്നാണ് വിമർശനം. എൻസിപി പ്രവർത്തകർ എംപിയുടെ കോലം കത്തിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News