ലക്ഷദ്വീപിലേക്ക് യാത്രാ നിയന്ത്രണം; ദ്വീപില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചേക്കും
കോൺഗ്രസ് എം.പി ഹൈബി ഈഡനാണ് ദ്വീപിൽ ഇന്‍റർനെറ്റ് വിച്ഛേദിക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ചത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യാത്രാ നിയന്ത്രണം.
ലക്ഷദ്വീപിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇതിനായി കരട് നിയമം തയ്യാറാക്കാൻ കമ്മറ്റിയെ നിയമിച്ചു. ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് ആറംഗ കമ്മറ്റി തീരുമാനമെടുക്കും. കമ്മറ്റിയുടെ ആദ്യ യോഗം അടുത്ത മാസം അഞ്ചിനുചേരും.
കപ്പൽ, വിമാന സർവീസുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ദ്വീപിലേക്കുള്ള പ്രവേശനാനുമതി ഇനി കവരത്തി കലക്ടറേറ്റില്‍ നിന്ന് മാത്രമായിരിക്കും. ദ്വീപിലെത്തുന്നവർ ഓരോ ആഴ്ച കൂടുമ്പോഴും പെർമിറ്റ് പുതുക്കണമെന്നും നിർദേശമുണ്ട്.
അതേസമയം, ദ്വീപില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കോൺഗ്രസ് എം.പി ഹൈബി ഈഡനാണ് ദ്വീപിൽ ഇന്‍റർനെറ്റ് വിച്ഛേദിക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ചത്. സൂക്ഷിക്കുക, ലക്ഷദ്വീപിന് ഇൻറർനെറ്റ് ബന്ധം നഷ്ടമായേക്കാമെന്ന ഒറ്റവരി പോസ്റ്റാണ് ഹൈബി ഈഡൻ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തത്. ലക്ഷദ്വീപിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കങ്ങളുമായി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേല്‍ മുന്നോട്ട് പോകുന്നതിനിടെയാണ് ദ്വീപ് നിവാസികൾക്ക് മുന്നിൽ പുതിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.