പോണ്ടിച്ചേരി സര്‍വകലാശാലയുമായി ലക്ഷദ്വീപിന്‍റെ ഡീല്‍; ഈ അധ്യയനവര്‍ഷം മൂന്ന് കോഴ്സുകള്‍ തുടങ്ങും
കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ തഴയാൻ കാരണം അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണം നിഷേധിച്ച് വൈസ് ചാന്‍സലര്‍ രംഗത്തെത്തി
ഡിഗ്രി,പിജി കോഴ്സുകളുടെ കാര്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ തഴഞ്ഞ ലക്ഷദ്വീപ് ഭരണകൂടം പോണ്ടിച്ചേരി സര്‍വ്വകലാശാലയുമായി കരാറിലെത്തി. ഈ അധ്യയനവര്‍ഷം മൂന്ന് കോഴ്സുകള്‍ തുടങ്ങാനാണ് ധാരണ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ തഴയാൻ കാരണം അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണം നിഷേധിച്ച് വൈസ് ചാന്‍സലര്‍ രംഗത്തെത്തി.
കാലിക്കറ്റ് സര്‍വ്വകലാശാല നടത്തിയിരുന്ന പിജി കോഴ്സുകളും ബി.എ അറബികും നിര്‍ത്തലാക്കാനുള്ള തീരുമാനം എടുത്തതിന് പിന്നാലെയാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുമായി ലക്ഷദ്വീപ് ഭരണകൂടം ധാരണയിലെത്തിയത്. ടൂറിസം ആന്‍ഡ് സർവീസ് ഇൻഡസട്രി, സോഫ്റ്റ്വെയർ ഡവലപ്മെന്‍റ് ,കാറ്ററിങ് ആൻഡ് ഹോസ്പിറ്റാലിറ്റി എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളാണ് പെട്ടെന്ന് തുടങ്ങുക. കാലിക്കറ്റ് അധിക്യതരുടെ പിടിപ്പുകേട് കൊണ്ടാണ് പോണ്ടിച്ചേരി സര്‍വ്വകലാശാലക്ക് കോഴ്സുകള്‍തുടങ്ങാന്‍ ലക്ഷദ്വീപ് ഭരണകൂടം അനുമതി നല്‍കിയതെന്ന വാദം ഉയരുന്നുണ്ട്. ലക്ഷദ്വീപ് ഭരണകൂടം കോഴ്സുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചാല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നല്‍കുന്നത്.