ലാത്വിയന്‍ യുവതിയുടെ കൊലപാതകം; ശിക്ഷാവിധി ഇന്ന്
പ്രതികളെന്ന് കണ്ടെത്തിയ ഉമേഷ്, ഉദയകുമാർ എന്നിവരുടെ ശിക്ഷയാണ് തിരുവനന്തപുരം അഡീഷണൽ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാർ വിധിക്കുക
തിരുവനന്തപുരം: കോവളത്ത് ലാത്വിയന്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ ശിക്ഷാവിധി ഇന്ന്. പ്രതികളെന്ന് കണ്ടെത്തിയ ഉമേഷ്, ഉദയകുമാർ എന്നിവരുടെ ശിക്ഷയാണ് തിരുവനന്തപുരം അഡീഷണൽ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാർ വിധിക്കുക.
അപൂർവ്വമായ കേസ് ആണെങ്കിലും പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചില്ല. പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. കൊല്ലപ്പെട്ടത് വിദേശ വനിത എന്നതിനപ്പുറം കൊലപാതകത്തിന്‍റെ ക്രൂരത വിവരിച്ചാണ് കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് കാര്യത്തിൽ കൃത്യമായ നിലപാട് പ്രോസിക്യൂഷൻ എടുത്തില്ല .
കുറഞ്ഞ പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പ്രതികൾക്ക് നല്ല ജീവിതത്തിലേക്കുള്ള മടങ്ങി വരവിന് അവസരം ഒരുക്കണമെന്നും പ്രതികളുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസ് പരിഗണിച്ച ഉടനെ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കുറ്റബോധം ഉണ്ടോയെന്നും ജഡ്ജി കെ.സനിൽകുമാർ പ്രതികളോട് ചോദിച്ചിരുന്നു.