ദീപം തെളിയിച്ച് ഇടതുമുന്നണിയുടെ വിജയദിനാഘോഷം
മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തെ വസതിയില്‍ കുടുംബസമേതമാണ് ആഘോഷത്തിൽ പങ്കെടുത്തത്
ചരിത്ര വിജയത്തിന്റെ തിളക്കം ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചും ആഘോഷിച്ച് ഇടതു മുന്നണി പ്രവർത്തകർ. കോവിഡ് നിയന്ത്രണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വീടുകൾക്കുള്ളിൽ ഒതുങ്ങി ദീപം തെളിയിച്ച് വിജയാഘോഷം നടത്താൻ എൽഡിഎഫ് ആഹ്വാനം ചെയ്തിരുന്നത്. തെരുവിൽ ഇറങ്ങിയുള്ള ആൾക്കൂട്ടങ്ങളുടെ ആഘോഷം നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ക്ലിഫ്ഹൗസിൽ കുടുംബസമേതമാണ് ആഘോഷത്തിൽ പങ്കെടുത്തത്. ദീപം തെളിയിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ആഹ്ലാദപ്രകടനം.
സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ തൃശൂരിലെ വീട്ടിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ എകെജി സെന്ററിലും ദീപം തെളിയിച്ചു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള എകെജി സെന്ററിൽ സംഘടിപ്പിച്ച വിജയദിനാഘോഷത്തിൽ പാർടി പ്രവർത്തകർക്കൊപ്പം പങ്കെടുത്തു.
മുൻ മന്ത്രി ഇപി ജയരാജൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മന്ത്രി കെകെ ശൈലജ ടീച്ചർ തുടങ്ങിയവർ വിജയാഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.