പാലക്കാട്ടെ മലയോര മേഖലയിൽ ഇന്ന് എൽ.ഡി.എഫ് ഹർത്താൽ
അട്ടപ്പാടി, നെല്ലിയാമ്പതി, മുതലമട, പാലക്കയം തുടങ്ങി 14 വില്ലേജ് പരിധിയിലാണ് ഹർത്താൽ
പാലക്കാട്: ജില്ലയിലെ മലയോര മേഖലയിൽ ഇന്ന് എൽ.ഡി.എഫ് ഹർത്താൽ. ജനവാസ മേഖലയെ ബഫർ സോണിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപെട്ടാണ് സമരം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കർഷകർ അതിജീവന സദസും സംഘടിപ്പിച്ചു.
സംരക്ഷിത വന മേഖലക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രിംകോടതി വിധിക്കെതിരെയാണ് എൽ.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അട്ടപ്പാടി, നെല്ലിയാമ്പതി, മുതലമട, പാലക്കയം തുടങ്ങി 14 വില്ലേജ് പരിധിയിലാണ് ഹർത്താൽ.
രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ. ആശുപത്രി, വിവാഹം, പത്രം തുടങ്ങിയ ആവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കർഷക സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സഹകരണത്തോടെ അതിജീവന സദസ്സ് എന്ന പേരിൽ സംഗമങ്ങൾ നടക്കുന്നുണ്ട്. അട്ടപ്പാടി അഗളിയിലും കിഴക്കഞ്ചേരിയിലും അതിജീവന സദസ് നടന്നു. ജനവാസ മേഖലയെ പരി പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിന്നും മാറ്റുന്നത് വരെ വിവിധ സമരങ്ങൾ നടത്താനാണ് സംഘടനകളുടെ തീരുമാനം.