പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥിയെ ഇന്നറിയാം; ജെയ്ക്കിന് പുറമെ റജി സഖറിയയും സുഭാഷ് പി.വർഗീസും പരിഗണനയിൽ
യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ ഇന്നു മുതൽ മുഴുവൻ സമയ പ്രചാരണം തുടങ്ങും
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാർഥിയെ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും.ഇന്ന് മുതൽ നാല് ദിവസം നീണ്ട് നിൽകുന്ന നേതൃയോഗങ്ങളിൽ കേന്ദ്രകമ്മിറ്റി യോഗം റിപ്പോർട്ടിങ്ങാണ് പ്രധാന അജണ്ടയെങ്കിലും പുതുപ്പള്ളി സ്ഥാനാർഥിയുടെ കാര്യം ഇന്ന് തന്നെ തീരുമാനിച്ചേക്കും.ജെയ്ക്ക് സി തോമസ്, റജി സഖറിയ, സുഭാഷ് പി വർഗീസ് എന്നിവരുടെ പേരുകൾ പാർട്ടി പരിഗണിക്കുന്നുണ്ട്.
രണ്ട് ദിവസം സംസ്ഥാനസെക്രട്ടറിയേറ്റും രണ്ട് ദിവസം സംസ്ഥാനകമ്മിറ്റി യോഗവുമാണ് നടക്കുന്നത്. കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോർട്ടിങ് ആണ് പ്രധാന അജണ്ട. എന്നാൽ യു.ഡി.എഫ് സ്ഥാനാർഥിയെ നേരത്തെ പ്രഖ്യാപിച്ച സാഹചര്യത്തിൽ സി.പി.എം തീരുമാനം വൈകിയേക്കില്ല.ഇന്നത്തെ സെക്രട്ടറിയേറ്റിൽ തന്നെ തീരുമാനമുണ്ടായേക്കും. ഒദ്യോഗിക പ്രഖ്യാപനം ചിലപ്പോൾ മറ്റെന്നാൾ മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളു. ജെയ്കിനെ തന്നെ മത്സരിപ്പിക്കണമെന്ന അഭിപ്രായം കോട്ടയം ജില്ലാ കമ്മിറ്റിക്കുണ്ട്. ജെയ്ക്ക് താത്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ജെയ്ക് മത്സരിക്കണമെന്ന് താത്പര്യമുണ്ടെന്നാണ് വിവരം. നേതൃത്വം തീരുമാനമെടുത്താൽ ജെയ്ക് എതിരഭിപ്രായം പറയില്ല.
ജെയ്ക്കിന് പുറമെ മറ്റ് ചിലരേയും പാർട്ടി പരിഗണിക്കുന്നുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എം രാധാകൃഷ്ണൻ, റെജി സഖറിയ,പുതുപ്പള്ളി ഏരിയസെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവരുടെ പേരും ചർച്ചയിലുള്ളത്.അപ്രതീക്ഷിത സ്ഥാനാർത്ഥിയുടെ കാര്യവും തള്ളിക്കളയണ്ട.എന്നാൽ രാഷ്ട്രീയ പോരാട്ടം നടക്കുമ്പോൾ പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരം നടക്കണമെന്ന അഭിപ്രായം ചില നേതാക്കൾക്കുണ്ട്. മാസപ്പടി വിവാദം അടക്കമുള്ള കാര്യങ്ങൾ നേതൃയോഗത്തിൽ ചർച്ചക്ക് വന്നേക്കും.
അതേസമയം, ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ ഇന്നു മുതൽ മുഴുവൻ സമയ പ്രവർത്തനം തുടങ്ങും. തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ മണ്ഡലത്തിൽ തുടരാനാണ് പാർട്ടി നിദേശം. പ്രധാന വ്യക്തികളെ കാണുന്നതിനൊപ്പം തെരഞ്ഞെടുപ്പ് യോഗങ്ങളിലും ചാണ്ടി ഉമ്മൻ പങ്കെടുക്കും. എല്‍.ഡി.എഫിൻ്റെ വാർഡ് കൺവൻഷനുകൾക്കും ഇന്ന് തുടക്കമാകും.സി.പി.എം നേതാക്കൾക്കു പുറമെ ഘടകകക്ഷി നേതാക്കൾക്കും വാർഡുകളുടെ ചുമതല വീതിച്ചു നൽകാൻ എല്‍.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചിരുന്നു. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളും ഇന്ന് മുതൽ പുതുപ്പള്ളിയിൽ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിക്കും.