നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി എംഎൽഎമാരുടെ അസാധാരണയോഗം വിളിച്ച് ലീഗ്
ഇതാദ്യമായാണ് എംഎൽഎമാരുടെ പ്രത്യേക യോഗം വിളിക്കുന്നത്
മലപ്പുറം: നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുസ്‍ലിം ലീഗ് എംഎൽഎമാരുടെ അസാധാരണ യോഗം ഇന്ന് ചേരും. രാവിലെ ഒമ്പത് മണിക്ക് മലപ്പുറം ലീഗ് ഓഫീസിലാണ് യോഗം. നിയമസഭയിൽ സ്വീകരിക്കേണ്ട നയങ്ങളും നിലപാടുകളും തീരുമാനിക്കും. ഇതാദ്യമായാണ് എംഎൽഎമാരുടെ പ്രത്യേക യോഗം വിളിക്കുന്നത്.
പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് നാളെയാണ് തുടക്കമാവുന്നത്. ഈ മാസം 15 വരെ ഒമ്പത് ദിവസമാണ് സഭ സമ്മേളിക്കുന്നത്. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ വേണ്ടിയുള്ള ബിൽ പാസാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട.
ബിൽ വരുമ്പോള്‍ പ്രതിപക്ഷ നിലപാട് സർക്കാർ ഉറ്റ് നോക്കുന്നുണ്ട്. ബില്ലിനെ എതിർക്കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞെങ്കിലും മുസ്‍ലിം ലീഗിന് അതിനോട് പൂർണ യോജിപ്പില്ല. സർവകലാശാലകളിലെ ഗവർണറുടെ ഇടപെടലുകളിൽ ലീഗിന് അതൃപ്തിയുണ്ട്. എന്നിരുന്നാലും ബില്ലിനെ പിന്തുണയാക്കാനുള്ള സാധ്യത കുറവാണ്. പ്രതിപക്ഷത്ത് അഭിപ്രായവ്യത്യാസമുണ്ടായാൽ അതിനെ ആയുധമാക്കാനാണ് സർക്കാർ നീക്കം.