കെമാൽ പാഷയുടെ പ്രസ്താവന മോഹഭംഗക്കാരന്റെ ജൽപനം; വിമർശനവുമായി ലീഗ് അഭിഭാഷക സംഘടന
ലീഗിന്റെ മതേതര മുഖം തെളിയിക്കാൻ ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേരള ലോയേഴ്‌സ് ഫോറം
റിട്ട. ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ മുസ്‌ലിം ലീഗിനെതിരെ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് ലീഗ് അഭിഭാഷക സംഘടന കേരള ലോയേഴ്‌സ് ഫോറം. മോഹഭംഗക്കാരന്റെ ജൽപനമാണ് കെമാൽ പാഷയുടെ അഭിപ്രായ പ്രകടനങ്ങളെന്ന് ലോയേഴ്‌സ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അബൂ സിദ്ദീഖ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് പല സ്ഥാനങ്ങളും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അത് ലഭിക്കാതെ വന്നപ്പോഴാണ് ലീഗിനെതിരെ പ്രസ്താവന നടത്തുന്നത്. ന്യായാധിപന്മാരും അഭിഭാഷകന്മാരും ഒരു കാര്യം ഉന്നയിക്കുമ്പോൾ തെളിവിന്റെ പിൻബലമുണ്ടാകണം. യാതൊരു തെളിവിന്റെയും പിൻബലമില്ലാത്ത വസ്തുതാവിരുദ്ധമായ കാര്യമാണ് കെമാൽ പാഷ ഉന്നയിച്ചിരിക്കുന്നത്. മുസ്‌ലിം ലീഗ് ഒരു മതേതര പാർട്ടിയാണ്. ലീഗിന്റെ മതേതര മുഖം തെളിയിക്കാൻ ആരുടെയും സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്‌ലിം ലീഗ് എന്ന വർഗീയ പാർട്ടിയെ ചുമന്ന് കോൺഗ്രസ് അധപതിച്ചുവെന്നായിരുന്നു കെമാൽ പാഷയുടെ പ്രസ്താവന. ലീഗ് കോൺഗ്രസിന് ബാധ്യതയാണെന്നും ഒരു പ്രാദേശിക ചാനലിനോട് സംസാരിക്കവെ ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.