മുഈനലി തങ്ങൾ ഉന്നയിച്ച വിഷയങ്ങൾ ലീഗ് ചർച്ച ചെയ്യും: കെഎസ് ഹംസ
പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പരിഹാര നടപടികൾ ശുപാർശ ചെയ്യാനുമായി പത്തംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി അടുത്ത ദിവസങ്ങളിൽ തന്നെ യോഗം ചേർന്ന് പരിഹാരമാർഗങ്ങൾ നിര്‍ദേശിക്കുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ പറഞ്ഞു
'ചന്ദ്രിക' ദിനപത്രവുമായി ബന്ധപ്പെട്ട് പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ഉന്നയിച്ച വിഷയങ്ങൾ പാർട്ടി ചർച്ച ചെയ്യുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ. മീഡിയവൺ സ്‌പെഷൽ എഡിഷനിലാണ് ഹംസയുടെ പ്രതികരണം. 'ചന്ദ്രിക'യിലെയടക്കം പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പാർട്ടിയിൽ പ്രതിസന്ധിയുണ്ടെന്നത് ഞാൻ സമ്മതിച്ചിട്ടുണ്ട്. മുഈനലി തങ്ങൾ ഉന്നയിച്ച പ്രശ്‌നങ്ങൾ പാർട്ടി നേരത്തെ തന്നെ ചർച്ച ചെയ്തതാണ്. ഈ പ്രശ്‌നങ്ങള്‍ ചർച്ച ചെയ്യാനും പരിഹാര നടപടികൾ ശുപാർശ ചെയ്യാനുമായി പത്തംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി അടുത്ത ദിവസങ്ങളിൽ തന്നെ യോഗം ചേര്‍ന്ന് പരിഹാരമാർഗങ്ങൾ ശുപാർശ ചെയ്യും. ആ ശുപാർശയ്ക്കുശേഷം വീണ്ടും യോഗം ചേർന്ന് ഓരോ വിഷയങ്ങളായി എടുത്ത് എല്ലാത്തിനും പരിഹാരം കാണും- ഹംസ വ്യക്തമാക്കി.
മുഈനലി തങ്ങൾ ഉന്നയിച്ച പ്രശ്‌നങ്ങൾ വസ്തുതാപരമാണോ അല്ലയോ എന്നും സമിതി പരിശോധിക്കും. വ്യക്തിപരമായ ആരോപണങ്ങള്‍ മാത്രമാണ് പാർട്ടി നിഷേധിച്ചത്. നിയമസഭാ സമ്മേളനം കഴിഞ്ഞാൽ തന്നെ സമിതി ചേരും. അച്ചടിമാധ്യമങ്ങൾ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും 'ചന്ദ്രിക'യ്ക്കുമുണ്ട്. പ്രധാന പത്രങ്ങളെല്ലാം ഈ പ്രശ്‌നം നേരിടുന്നുണ്ട്. 'ദേശാഭിമാനി'യുടെ പഴയ ആസ്ഥാനമന്ദിരം ഇഡി റെയ്ഡ് ചെയ്ത് കണ്ടുകെട്ടിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.