ക്രിമിനല്‍ കേസില്‍ പെട്ട പൊലീസുകാരെ പിരിച്ചുവിടുന്ന നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ധര്‍
കോടതി കുറ്റക്കാരെന്ന് കണ്ടെത്തുന്നതുവരെ പിരിച്ചുവിടാന്‍ കഴിയില്ലെന്നാണ് വിശദീകരണം
തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ പെട്ടതും ഗുണ്ടാ ബന്ധം സ്ഥിരീകരിച്ചവരുമായ പൊലീസുകാരെ പിരിച്ചുവിടുന്ന സര്‍ക്കാര്‍ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ധര്‍. കോടതി കുറ്റക്കാരെന്ന് കണ്ടെത്തുന്നതുവരെ പിരിച്ചുവിടാന്‍ കഴിയില്ലെന്നാണ് വിശദീകരണം. മാത്രമല്ല പിരിച്ചുവിടല്‍ നടപടി ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയും സേനയില്‍ ഉയരുന്നുണ്ട്.
പൊലീസ് എന്‍ക്വയറി റൂള്‍സ് ഭേദഗതി ചെയ്താണ് ക്രിമനല്‍ കേസില്‍ പെട്ടവരും ഗുണ്ടാ-മാഫിയ ബന്ധം സ്ഥിരീകരിച്ചവരുമായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിടാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ആദ്യമായി പീഡനക്കസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ഇന്‍സ്പെക്ടര്‍ പി.ആര്‍ സുനുവിനെ പിരിച്ചു വിടുകയും ചെയ്തു. സര്‍ക്കാര്‍ നടപടിക്ക് പൊതുവേ സ്വീകാര്യത ലഭിച്ചെങ്കിലും ദൂരവ്യാപകമായി ഏറെ ദോഷകരമായ തീരുമാനമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. കേരള നിയമസഭ പാസാക്കിയ കേരള പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റല്‍ എന്‍ക്വയറീസ്, പണിഷ്മെന്‍റ് ആന്‍ഡ് എന്‍ക്വയറീസ് റൂള്‍സ് പ്രകാരം പിരിച്ചുവിടല്‍ നടപടി നിലനില്‍ക്കില്ലെന്നാണ് വാദം. കേരള പൊലീസ് മാന്വവലിലും നിരവധി സുപ്രീം കോടതി വിധികളിലും ഇക്കാര്യം വ്യക്തമാണെന്നും നിയമ വിദഗ്ധര്‍ വിശദീകരിക്കുന്നു.
പിരിച്ചുവിടല്‍ തീരുമാനം നാളെ ദുരുപയോഗം ചെയ്യപ്പെടുമോയെന്ന ആശങ്കയും സേനയില്‍ നിന്ന് ഉയരുന്നുണ്ട്. സുനുവിന് പിന്നാലെ നാലു പൊലീസ് ഉദ്യോഗസ്ഥരെ കൂടി പിരിച്ചു വിടാനുള്ള നടപടികള്‍ പൊലീസ് ആസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടും ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ രണ്ടുപേരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തും സിറ്റി പൊലീസ് കമ്മിഷണര്‍ ഉത്തരവ് ഇറക്കിയിരുന്നു. വലിയ നിയമപോരാട്ടങ്ങള്‍ക്ക് വഴിവെയ്ക്കുന്നതാണ് തീരുമാനമെന്നാണ് വിലയിരുത്തല്‍.