പുളിയൻമലയിലെ ജനവാസമേഖലയിൽ പുലി; വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി
വ്യാഴാഴ്ചയാണ് പുളിയന്‍മല എന്‍.എം.ആര്‍ എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ പുലിയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടത്
ഇടുക്കി: ഇടുക്കി പുളിയൻമലയിൽ ജനവാസമേഖലയിൽ പുലിയെ കണ്ടതായി നാട്ടുകാർ. കഴിഞ്ഞ ദിവസം ഏലത്തോട്ടത്തിലെത്തിയത് പുലിയാണെന്ന് സ്ഥരീകരിച്ചതോടെ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി.
വ്യാഴാഴ്ചയാണ് പുളിയന്‍മല എന്‍.എം.ആര്‍ എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ പുലിയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതോടെ വണ്ടന്‍മേട് പൊലീസും വനപാലകരും സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയില്‍ കാല്‍പ്പാടുകള്‍ പുലിയുടേതെന്ന് സ്ഥിരീകരിച്ചു. ഏതാനും നാളുകൾക്ക് മുമ്പ് പുളിയന്‍മല താജ് എസ്റ്റേറ്റിലെ തൊഴിലാളികളും പുലിയെ കണ്ടിരുന്നു.
പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്താനാണ് വനം വകുപ്പിന്‍റെ തീരുമാനം. തുടർച്ചയായി പുലിയുടെ കാൽപ്പാടുകൾ കണ്ടതോടെ പ്രദേശവാസികൾ ഭീതിയാലായി. വന്യജീവിശല്യം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.