വയനാട്ടിൽ കിണറ്റിൽ വീണ പുലിയെ രക്ഷപെടുത്തി
പുതിയിടം മുത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറിലാണ് പുലി വീണത്.
വയനാട്: മാനന്തവാടിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെടുത്തു. ബത്തേരി ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ മയക്കുവെടി വെച്ചാണ് പുലിയെ പുറത്തെടുത്തത്. പവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴയിൽ പുതിയിടം മുത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറിലാണ് പുലി വീണത്. ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം.
ഇന്നലെ രാത്രി മുതൽ കിണറ്റിൽ കിടക്കുന്നത് കൊണ്ട് അവശനിലയിലായിരുന്നു പുലി. അതിനാൽ ഇന്ന് വൈകുന്നേരത്തോടെ ആർആർടി സംഘത്തെ എത്തിച്ച് പുലിയെ പുറത്തെടുക്കാമെന്ന തീരുമാനത്തിലായിരുന്നു വനംവകുപ്പ്. എന്നാൽ, പുലിയുടെ ആരോഗ്യസ്ഥിതി മോശമായെന്ന് മനസിലാക്കിയതോടെ നടപടികൾ വേഗത്തിലാക്കുകയായിരുന്നു.
ആദ്യം കിണറ്റിലെ വെള്ളത്തിന് ചുറ്റും ഒരു മൺതിട്ടയുണ്ടാക്കി അതിൽ പുലിയെ നിർത്താനായിരുന്നു ശ്രമം. എന്നാൽ, പുലി അവശനിലയിലായതിനാൽ വെള്ളം പൂർണമായും വറ്റിച്ച് വലയിൽ കുടുക്കിയ ശേഷം മയക്കുവെടി വെച്ച് പുറത്തെടുക്കുകയായിരുന്നു. മയക്കുവെടി വെക്കാനുള്ള മരുന്ന് തമിഴ്‌നാട്ടിൽ നിന്നാണ് എത്തിച്ചത്. നിലവിൽ പുലിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇന്നലെ രാത്രിയോടെ പുലി കിണറ്റിൽ വീണെങ്കിലും വീട്ടുകാർ ഇന്ന് രാവിലെയാണ് വിവരമറിയുന്നത്. മോട്ടർ ഇട്ടപ്പോൾ വെള്ളമില്ലാത്തത് എന്തെന്ന് പരിശോധിച്ചപ്പോഴാണ് കിണറ്റിൽ പുലിയെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ വിവരം വനംവകുപ്പിന്റെ അറിയിക്കുകയായിരുന്നു.