'വിശദീകരണത്തിന് അവസരം നൽകാം' വി.സി മാർക്ക് വീണ്ടും ഗവർണറുടെ കത്ത്
നോട്ടീസിന്റെ സമയപരിധി മൂന്നാം തീയതി അവസാനിക്കുന്നതിനിടെയാണ് വീണ്ടും കത്തയച്ചത്
തിരുവനന്തപുരം: വൈസ് ചാൻസലർമാർക്ക് വീണ്ടും കത്തയച്ച് ഗവർണർ. 'കാര്യങ്ങൾ വിശദീകരിക്കാൻ അവസരം നൽകാം' എന്ന് ഗവർണർ കത്തിൽ പറയുന്നു. കാരണം കാണിക്കൽ നോട്ടീസിന്റെ സമയപരിധി മൂന്നാം തീയതി അവസാനിക്കുന്നതിനിടെയാണ് വീണ്ടും കത്തയച്ചത്.
സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടത്. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, , കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്.
നിയമനം ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ സാങ്കേതിക സർവകലാശാല വി.സി നിയമനം രണ്ടു ദിവസം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെർച്ച് കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവർണർ ഒമ്പത് സർവകലാശാല വി.സിമാരോടും രാജ്യാവശ്യപ്പെട്ടിരിക്കുന്നത്.
വി.സിമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. നിയമനാധികാരി ഗവർണറാണെന്നിരിക്കെ വി.സി നിയമനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്നും പദവിയിൽ നിന്ന് ഒഴിയേണ്ടത് വിസിമാരാണോയെന്നത് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ ചില കാര്യങ്ങൾ നടത്താൻ അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുകയാണ്. അതിലൂടെ നീതിയും നിയമവും നിഷ്‌കർഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങളെ ചാൻസലർ കൂടിയായ ഗവർണർ മറക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വി.സിമാർ രാജിവെച്ചില്ലെങ്കിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി പുറത്താക്കുമെന്ന് രാജ്ഭവൻ നിർദേശം നൽകിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.