വഴക്ക് പറയുമ്പോൾ ദേഷ്യം തോന്നുമെങ്കിലും ഞങ്ങളുടെ നല്ലതിന് വേണ്ടിയാണെന്ന് മനസിലായി; നൊമ്പരമായി ലിബ്‍ന അധ്യാപികക്ക് എഴുതിയ കത്ത്

ക്ലാസ് ടീച്ചർ ബിന്ദുവിനാണ് ലിബ്‌ന കത്തെഴുതിയത്

Update: 2023-10-31 03:44 GMT
Editor : Jaisy Thomas | By : Web Desk

ലിബ്ന എഴുതിയ കത്ത്

Advertising

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ മരിച്ച പന്ത്രണ്ടുകാരി ലിബ്‌ന ക്ലാസ് ടീച്ചർക്ക് എഴുതിയ കത്ത് നൊമ്പാരമാകുന്നു. ക്ലാസ് ടീച്ചർ ബിന്ദുവിനാണ് ലിബ്‌ന കത്തെഴുതിയത്. കഴിഞ്ഞ മാസം രണ്ടാഴ്ച ബിന്ദു ടീച്ചർ ലീവ് ആയിരുന്നു. ആ സമയത്ത് ലിബ്‌നയും കൂട്ടുകാരികളും ചേർന്ന് ടീച്ചർക്ക് ഒരു കത്തയച്ചു. ലിബ്‌നയായിരുന്നു അതെഴുതിയത്. അവളുടെ സ്‌നേഹവും നിഷ്‌കളങ്കതയുമെല്ലാം ആ കത്തിൽ ഉണ്ടായിരുന്നു.

പ്രിയപ്പെട്ട ടീച്ചർ.... ടീച്ചർ ഞങ്ങൾക്ക് എന്നും പ്രിയപ്പെട്ട ടീച്ചർ ആണ്. വഴക്ക് പറയുമ്പോൾ ദേഷ്യം തോന്നുമെങ്കിലും ഞങ്ങളുടെ നല്ലതിന് വേണ്ടിയാണ് എന്ന് മനസിലായി. ടീച്ചറെ ഞങ്ങൾ ഒത്തിരി മിസ് ചെയ്യും. ഞങ്ങളെ വേർതിരിവില്ലാതെ സ്‌നേഹിച്ച ടീച്ചറെ ഞങ്ങളും ഒത്തിരി സ്‌നേഹിക്കും. പ്രാർത്ഥനയിൽ ടീച്ചറെ ഓർക്കും. ഒരിക്കലും മറക്കാത്ത മികച്ച നല്ല അധ്യാപികയായി.... ഇതായിരുന്നു ലിബ്‌ന ടീച്ചർക്ക് എഴുതിയ കത്ത്. മലയാറ്റൂർ നീലീശ്വരം എസ്എൻഡിപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ലിബ്‍ന. സ്‌ഫോടനത്തിൽ ഗുരുതര പൊള്ളലേറ്റ ലിബ്‌ന കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ അർധരാത്രിയോടെയാണ് മരിച്ചത്.

അതേസമയം സ്ഫോടന കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡൊമനിക് മാർട്ടിനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. നിലവിൽ ലഭിച്ചിരിക്കുന്ന തെളിവുകൾ അനുസരിച്ച് ഡൊമനിക് മാർട്ടിൻ മാത്രമാണ് പ്രതി.മാർട്ടിനെ കൂടാതെ കൂടുതൽ പ്രതികളുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.സ്ഫോടനത്തിൽ പരിക്കേറ്റ 21 പേരാണ് ജില്ലയിലെ 5 ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. മെഡിക്കൽ കോളജിലും മെഡിക്കൽ സെൻ്റർ, സൺറൈസ് , രാജഗിരി ആശുപത്രികളിലുമായി 16 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News