ലൈഫ് മിഷൻ കോഴ കേസ്; എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളി
എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയുടേതാണ് നടപടി.
ലൈഫ് മിഷൻ കോഴ കേസിലെ കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയുടേതാണ് നടപടി.
ചൊവ്വാഴ്ച വാദം പൂർത്തിയാക്കിയ ജാമ്യാപേക്ഷയാണ് വിധി പറയാനായി മാറ്റിയിരുന്നത്. കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു എം ശിവശങ്കറിന്‍റെ ആവശ്യം. എന്നാൽ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശക്തമായി എതിർത്തിരുന്നു. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കും എന്നുമാണ് ഇ.ഡി കോടതിയെ അറിയിച്ചത്.
കേസില്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ് എം. ശിവശങ്കര്‍. കേസിൽ തനിക്കെതിരെ അന്വേഷണ സംഘം ഉന്നയിക്കുന്നത് മൊഴികൾ മാത്രമാണെന്നും എന്‍ഫോഴ്സ്മെന്‍റ് ഡിപ്പാര്‍ട്മെെന്‍റ് തന്നെ തെറ്റായി പ്രതി ചേർക്കുകയായിരുന്നെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. ഒന്‍പത് ദിവസം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചെന്നും ശിവശങ്കർ പറഞ്ഞു. എന്നാൽ ശിവശങ്കർ അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് ഇ.ഡി കോടതിയില്‍ പറഞ്ഞത്.