തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കാസർകോട് ബി.ജെ.പി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്
ഇടുക്കി ഉടുമ്പന്‍ചോല പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ജയം, പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ജയിച്ചു
കാസർകോട്: സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്ക് ഒരു വാർഡിൽ കിട്ടിയത് ഒരു വോട്ട്. കാസർകോട് മുനിസിപ്പാലിറ്റിയിലെ ഖാസിലേൻ ഡിവിഷനിലാണ് ബി.ജെ.പിക്ക് ഒരു വോട്ട് മാത്രം ലഭിച്ചത്. ബി.ജെ.പി സ്ഥാനാർഥിക്ക് ഒരു വോട്ട് മാത്രമാണ് ലഭിച്ചതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ സൈറ്റിലെ കണക്കുകൾ പറയുന്നു.
മുസ്ലിംലീഗ്, സ്വതന്ത്രസ്ഥാനാർഥി, ബി.ജെ.പി എന്നിവരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. 447 വോട്ട് നേടിയാണ് ലീഗ് സ്ഥാനാർഥി കെ.എം ഹനീഫ് ജയിച്ചത്. സ്വതന്ത്രസ്ഥാനാർഥി പി.എം ഉമൈർ 128 വോട്ട് നേടിയപ്പോൾ ബി.ജെ.പി സ്ഥാനാർഥി എൻ.മണിക്കാണ് 1 വോട്ട് ലഭിച്ചത്.
തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ഇടുക്കി ഉടുമ്പന്‍ചോല പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ജയം, പത്തനംതിട്ടയില്‍ കോണ്‍ഗ്രസ്
എറണാകുളം ജില്ലയിലെ ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ് നിലനിർത്തി കോൺഗ്രസ്. കോൺഗ്രസിലെ എ.കെ ഷമീർലാല 123 വിജയിച്ചു. നിലവിൽ കോൺഗ്രസിനാണ് പഞ്ചായത്തിൻ്റെ ഭരണം.
ചിറ്റാറ്റുകര പഞ്ചായത്തിലെ എട്ടാം വാർഡ് എൽ.ഡി.എഫ് നിലനിർത്തി .സി.പി.എമ്മിലെ രതി ബാബു 18 വോട്ടിന് വിജയിച്ചു. എൽ.ഡി.എഫ് അംഗമായിരുന്ന എ.എ പവിത്രന്‍റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. എറണാകുളം വാഴക്കുളം പഞ്ചായത്തിലെ എട്ടാം വാർഡ് യു.ഡി.എഫ് നിലനിർത്തി .105 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി അബ്ദുൽ ഷുക്കൂർ വിജയിച്ചത്.
പത്തനംതിട്ടയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു വാർഡിലും കോൺഗ്രസ് ജയിച്ചു. ഏഴംകുളം പഞ്ചായത്തിൽ ഏഴംകുളം വാർഡിലും ചിറ്റാർ പഞ്ചായത്തിൽ പന്നിയാർ വാർഡിലും ആണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും ഭരണമാറ്റം ഇല്ല. എൽ.ഡി.എഫിന്‍റെ സിറ്റിങ് സീറ്റാണ് ഏഴംകുളത്ത് യു.ഡി.എഫ് പിടിച്ചെടുത്തത്.
ഇടുക്കിയില്‍ ഉടുമ്പന്‍ചോല പഞ്ചായത്ത് പാറത്തോട് വാർഡില്‍ എൽ.ഡി.എഫ് സ്‌ഥാനാർഥി യേശുദാസ് 504 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചു.നിലവിൽ എൽ.ഡി.എഫിനാണ് ഭരണം. തൊടുപുഴ നഗരസഭ പെട്ടെനാട് വാർഡില്‍ 126 വോട്ടുകൾക്ക് യു.ഡി.എഫ് സ്ഥാനാർത്ഥി ജോർജ് ജോൺ ജയിച്ചു. അറക്കുളം പഞ്ചായത്ത് ആറാം വാർഡില്‍ എൻ.ഡി.എ സ്ഥാനാർഥി വിനീഷ് വിജയൻ 132 വോട്ടുകൾക്ക് വിജയിച്ചു. നിലവിൽ യു.ഡി.എഫ് ആണ് ഭരിക്കുന്നത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തോപ്രാംകുടി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോളി സുനിൽ 739 വോട്ടുകൾക്ക് വിജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമാകും.
തൃശൂര്‍ പാവറട്ടി പഞ്ചായത്ത് ഒന്നാം വാർഡ് ബി.ജെ.പി പിടിച്ചെടുത്തു. ഒന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ സരിത രാജീവ് 291 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റിലാണ് ബി.ജെ.പി വിജയം.വാർഡിൽ എൽ.ഡി.എഫ് നാലാം സ്ഥാനത്താണ്.കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച സിന്ധു അനിൽകുമാർ എല്‍.ഡി.എഫി നൊപ്പം ചേർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ആയതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ അവരെ അയോഗ്യയാക്കിയതിനെത്തുടർന്നാണ് ഉപ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ 11-ാം വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി കെ.ബി ജയദാസ് 217 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പഞ്ചായത്ത് എൽഡിഎഫ് ആണ് ഭരിക്കുന്നത്.
കോട്ടയത്ത് വാകത്താനം പൊങ്ങന്താനം വാർഡ് എല്‍.ഡി.എഫ് പിടിച്ചെടുത്തു.വൈക്കം ചെമ്പ് കാട്ടിക്കുന്ന് വാർഡ് എല്‍.ഡി.എഫ് നിലനിർത്തി.സി.പി.എമ്മിലെ നിഷ വിജു 126 വോട്ടിന് വിജയിച്ചു. കോട്ടയം പനച്ചിക്കാട് പഞ്ചായത്ത് പൂവൻന്തുരുത്ത് വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചു. യു.ഡി.എഫിലെ മഞ്ജു രാജേഷ് 128 വോട്ടിനാണ് ജയിച്ചത്. ഇവിടെ സി.പി.എം മൂന്നാം സ്ഥാനത്താണ്. സി.പി.എം അംഗം രാജിവെച്ച ഒഴിവിലായിരുന്നു മത്സരം.