ലോക്സഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ മത്സരിക്കാൻ രണ്ടുകേന്ദ്രമന്ത്രിമാർ
തിരുവനന്തപുരത്തും ആറ്റിങ്ങലിലാകും മന്ത്രിമാർ മത്സരിക്കുക
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടുകേന്ദ്രമന്ത്രിമാർ കേരളത്തിൽ മത്സരരംഗത്തുണ്ടാവും. തിരുവനന്തപുരത്തിന് വേണ്ടി രാജീവ് ചന്ദ്രശേഖർ നീക്കം ശക്തമാക്കിയപ്പോൾ ആറ്റിങ്ങലിൽ വി. മുരളീധരൻ സ്ഥാനാർഥിത്വം ഉറപ്പിച്ചുകഴിഞ്ഞു. രാജ്യസഭ വഴി മന്ത്രിമാരായ നേതാക്കൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചുവരണമെന്ന് ബി.ജെ.പി നേതൃത്വം നേരത്തേ നിർദേശിച്ചിരുന്നു.
തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന നേത്യത്വം മനസ്സിൽക്കണ്ട ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ രാജീവ് ചന്ദ്രശേഖർ ഉണ്ടായിരുന്നില്ല. നിർമലാ സീതാരാമനടക്കമുള്ള കേന്ദ്ര നേതാക്കൾ എത്തുമെന്ന അഭ്യൂഹങ്ങളും ഒരു ഘട്ടത്തിൽ പാർട്ടി കേന്ദ്രങ്ങളിൽ പ്രചരിച്ചു.
പക്ഷേ വിജയം സുനിശ്ചിതമല്ലാത്തയിടത്ത് പോരിനിറങ്ങാൻ കേന്ദ്ര നേതാക്കൾക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതിനിടയിലാണ് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് രാജീവ് ചന്ദ്രശേഖറെത്തിയത്.
രാജീവ് തന്നെ തിരുവനന്തപുരത്ത് ബി.ജെ.പിക്കായി പോരിനിറങ്ങാനാണ് സാധ്യത. ഇതിനിടെ സമീപ മണ്ഡലമായ ആറ്റിങ്ങലിൽ വി മുരളീധരൻ പ്രചാരണം വരെ തുടങ്ങി. പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രനെ നേരത്തെ തന്നെ വെട്ടിയതിനാൽ മുരളീധരന്റെ പേരിന് മറ്റ് തടസ്സങ്ങളുണ്ടായില്ല.
രാജ്യസഭയിലെ കാലാവധി അവസാനിച്ച തനിക്ക്, ഇനിയങ്ങോട്ടൊരു തിരിച്ചുപോക്കില്ലെന്ന് മുരളീധരനറിയാം. അതുകൊണ്ടുതന്നെ ആറ്റിങ്ങലിൽ മത്സരിക്കുകയല്ലാതെ മറ്റൊരു സാധ്യതയില്ല താനും.