വോട്ടെടുപ്പിനിടയിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഏഴ് പേർ കുഴഞ്ഞുവീണു മരിച്ചു
പാലക്കാട് ജില്ലയിൽ മാത്രം മൂന്ന് പേരാണ് കുഴഞ്ഞുവീണ് മരിച്ചത്
തിരുവനന്തപുരം: വോട്ടെടുപ്പിനിടയിൽ സംസ്ഥാനത്തിെൻ വിവിധയിടങ്ങളിൽ ഏഴ് പേർ കുഴഞ്ഞുവീണു മരിച്ചു.പാലക്കാട് ജില്ലയിൽ മാത്രം മൂന്ന് പേരാണ് കുഴഞ്ഞുവീണ് മരിച്ചത്.
പാലക്കാട് ഒറ്റപ്പാലത്ത് വോട്ട് ചെയ്യാൻ എത്തിയ വ്യക്തിയാണ് കുഴഞ്ഞു വീണു മരിച്ചത്. ചുനങ്ങാട് വാണിവിലാസിനി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ ചന്ദ്രൻ (68) ആണ് മരിച്ചത്. കുഴഞ്ഞു വീണതിനെതുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിളയോടിയിൽ വോട്ട് ചെയ്യാനെത്തിയയാളാണ് പാലക്കാട് ജില്ലയിൽ കുഴഞ്ഞുവീണ് മരിച്ച രണ്ടാമത്തെയാൾ. പുതുശേരി കുമ്പോറ്റിയിൽ കണ്ടൻ (73) ആണ് മരിച്ചത്. വോട്ട് ചെയ്ത് തിരികെ പോകുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിളയോടി എസ് എൻ യു പി സ്കൂളിലാണ് വോട്ട് ചെയ്യാൻ എത്തിയത്.
തേൻകുറിശ്ശി വടക്കേത്തറ എൽ പി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ 32 കാരനായ തേൻകുറിശ്ശി സ്വദേശി ശബരി ആണ് കുഴഞ്ഞുവീണുമരിച്ച മൂന്നാമത്തെയാൾ.
മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയയാളും കുഴഞ്ഞുവീണ് മരിച്ചു. വള്ളിക്കാഞ്ഞിരം ഇർഷാദ് സുബിയാൻ മദ്രസയിലെ അധ്യാപകനായ നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി ( 65) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടർ ആയിരുന്നു.
കുറ്റിച്ചിറയിൽ സിപിഎം പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. സ്കൂളിന് പുറത്തുള്ള സിപിഎം ബൂത്തിൽ പ്രവർത്തിക്കുന്നതിനിടയിലാണ് കെ.എം അനീഷ് അഹമ്മദ് (70) കുഴഞ്ഞുവീഴുകയായിരുന്നു. കെഎസ്ഇബിയിലെ റിട്ടയർഡ് എക്സിക്യൂട്ടീവ് എൻജിനീയറാണ്. മൃതദേഹം ഇപ്പോൾ ബീച്ച് ആശുപത്രിയിൽ.
എറണാകുളം കാക്കനാട് പോളിംഗ് ബൂത്തിലേക്ക് പോകുന്നതിനിടെയാണ് വോട്ടർ കുഴഞ്ഞു വീണു മരിച്ചത്. കാക്കനാട് സ്വദേശി അജയന്‍ (46) ആണ് മരിച്ചത്. ആലപ്പുഴ അമ്പലപ്പുഴ കാക്കാഴം സ്കൂളിൽ വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണ് മരിച്ചു.