ഒളിവിൽ കഴിയുന്ന സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കണമെന്ന് നിർദേശം
സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിലാണ് നോട്ടീസ് പുറത്തിറക്കിയത്
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിലാണ് സിദ്ദിഖിനെതിരെ നോട്ടീസ് പുറത്തിറക്കിയത്. എല്ലാ സംസ്ഥാന പൊലീസ് മേധാവികൾക്കും നോട്ടീസ് അയച്ചുനൽകി. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കണമെന്നാണ് നിർദേശം.
അതിനിടെ ലൈംഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യം തേടി സിദ്ദിഖ് സുപ്രിംകോടതിയെ സമീപിച്ചു. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹരജി വെള്ളിയാഴ്ച പരിഗണിച്ചേക്കും. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയുടെ ഓഫീസ് വഴിയാണ് ഹരജി സമർപ്പിച്ചത്. 8 വർഷത്തിന് ശേഷം യുവതി ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമെന്നെന്നാണ് സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.
ഭയം മൂലം പരാതി പറയാതിരുന്നു എന്നത് അവിശ്വസിനീയമാണെന്നും 2019ൽ സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗമെന്ന് പറഞ്ഞിരുന്നില്ലെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു. മസ്കറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.