ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ കടയുടമക്കെതിരെ ലുക്കൗട്ട് നോട്ടീസ്
ചെറുവത്തൂരിലെ ഐഡിയൽ കൂൾബാർ ഉടമ കുഞ്ഞഹമ്മദിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
കാസര്‍കോട്ട്: ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ കടയുടമയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ചെറുവത്തൂരിലെ ഐഡിയൽ കൂൾബാർ ഉടമ കുഞ്ഞഹമ്മദിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
കുഞ്ഞഹമ്മദിന്റെ ചെറുവത്തൂരിലുള്ള ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ചാണ് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ചത്. ഷവർമ്മ കഴിച്ച 59 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഇവരില്‍ മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഇതേ കൂള്‍ബാറിലെ ഭക്ഷ്യ സാംപിളുകളില്‍ ഷിഗെല്ല ബാക്ടീരിയകളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.
കേസിൽ കൂൾബാർ മാനേജർ, മാനേജിങ് പാർട്ണർ, ഷവർമ ഉണ്ടാക്കിയ നേപ്പാൾ സ്വദേശി എന്നിവർ റിമാൻഡിലാണ്. ദുബൈയില്‍ ജോലി ചെയ്യുന്ന കുഞ്ഞഹമ്മദിനെ നാട്ടിലെത്തിക്കാൻ പൊലീസ് നടത്തിയ നീക്കം പരാജയപ്പെട്ടതോടെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ഷവർമ്മ കഴിച്ച് പെൺകുട്ടി മരിച്ചതോടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ജില്ലയിൽ പരക്കെ നടത്തുന്ന പരിശോധന തുടരുകയാണ്.