വാക്കിന് പുല്ലുവില; പ്ലാസ്റ്റിക് മാലിന്യവുമായി ലോറികൾ ബ്രഹ്മപുരത്തേക്ക്
ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യം എത്തിക്കില്ല എന്നായിരുന്നു സർക്കാറിന്റെ ഉറപ്പ്
കൊച്ചി: ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളില്ലെന്ന ഉറപ്പ് ലംഘിച്ച് കൊച്ചി കോർപ്പറേഷൻ. അൻപതോളം ലോറികളാണ് മാലിന്യവുമായി ഇന്നലെ അർധരാത്രി ബ്രഹ്മപുരത്തേക്ക് എത്തിയത്. ഇന്നു രാവിലെയും മാലിന്യം നിക്ഷേപിക്കുന്നത് തുടരുകയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ലോറികളിൽ കൊണ്ടുവന്ന് നിക്ഷേപിക്കുന്നത്. ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യം എത്തിക്കില്ല എന്നായിരുന്നു സർക്കാറിന്റെ ഉറപ്പ്. കോർപ്പറേഷനും ഇക്കാര്യം ഹൈക്കോടതിക്ക് ഉറപ്പ് നൽകിയിരുന്നു.
എന്നാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങൾ ബ്രഹ്മപുരത്ത് എത്തിക്കില്ലെന്ന് എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു.പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്തിയെങ്കിൽ തുടർനടപടിയെടുക്കും. മാലിന്യ സംസ്കരണം വേർതിരിച്ച് നടപ്പാക്കുമെന്നും ജില്ലാ കലക്ട ർ മീഡിയവണിനോട് പറഞ്ഞു. പ്ലാസ്റ്റിക്കടങ്ങിയ മാലിന്യവുമായി ലോറികൾ പ്ലാന്റലെത്തിയ വാർത്ത മീഡിയവണാണ് പുറത്ത് കൊണ്ട് വന്നത്.
അതേ സമയം ബ്രഹ്മപുരത്തെ പുക നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ ഇന്നും തുടരുകയാണ്. തീ 80 ശതമാനം നിയന്ത്രണ വിധേയമായതോടെ രണ്ട് ദിവസത്തിനുള്ളിൽ പുകയും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷ. സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന നിരീക്ഷണ സമിതി ഇന്ന് ബ്രഹ്മപുരത്ത് സന്ദർശനം നടത്തിയേക്കും. പുക വ്യാപകമായി പടരുന്ന സാഹചര്യത്തിൽ കൂടുതൽ പേർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ബ്രഹ്മപുരം വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് പ്ലാന്റിൽ സന്ദർശനം നടത്തിയേക്കും. ശുചിത്വ മിഷൻ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കലക്ടർ എന്നിവരായിരിക്കും ബ്രഹ്മപുരത്ത് എത്തുക.