'ലുട്ടാപ്പി പോപ്പുലർ കഥാപാത്രം, ആ പേര് ജനകീയതയെ സൂചിപ്പിക്കുന്നു; പേര് വന്നതിലെ കഥ പറഞ്ഞ് എ.എ റഹീം
സോഷ്യല്‍ മീഡിയയില്‍ തന്നെ രൂക്ഷമായി പരിഹസിക്കുന്ന ലുട്ടാപ്പി എന്ന പേര് വന്നതിന് പിന്നിലെ കഥ പറഞ്ഞു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. മലയാളത്തിലെ പോപ്പുലർ കഥാപാത്രമാണ് ലുട്ടാപ്പി. ആ പേരിൽ ട്രോളന്മാർ വിളിക്കുമ്പോൾ തന്നിലെ ജനകീയതയാണ് സൂചിപ്പിക്കുന്നതെന്ന് എ.എ റഹീം പറഞ്ഞു. സോഷ്യൽ മീഡിയ ഒരു സ്വതന്ത്രമായ ഇടമാണെന്നും അവിടെ പല തരത്തിലുള്ള ആളുകൾ ഉണ്ടെന്നും ഇത്തരം പരിഹാസങ്ങളെല്ലാം അവഗണിക്കാറാണ് ചെയ്യാറെന്നും എ.എ റഹീം പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് എ.എ റഹീം തനിക്ക് ഈ പേര് ലഭിച്ചതിന് പിന്നിലെ കഥ വെളിപ്പെടുത്തിയത്. ലുട്ടാപ്പിയെ കഥാപാത്രമായി കഥ ഇറക്കിയ പ്രസിദ്ധീകരണം ലുട്ടാപ്പിയുടെ നിറം മാറ്റാന്‍ ഒരു ശ്രമം നടത്തി. അതിനെതിരെ കേരളത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം നടന്നു. ഇതേ സമയത്താണ് മുല്ലപ്പള്ളിയുടെ കേരളയാത്ര നടക്കുന്നത്. ഇതിനെ പരിഹസിച്ച് ലുട്ടാപ്പിയെ രക്ഷിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന് പറഞ്ഞതില്‍ നിന്നാണ് ഈ പേര് തനിക്ക് സോഷ്യല്‍ മീഡിയ ചാര്‍ത്തി തന്നതെന്നും എ.എ റഹീം പറയുന്നു.
എ എ റഹീമിന്‍റെ വാക്കുകള്‍:
പഴയ കാലത്തെ ക്രിയേറ്റിവ് ആയ കാർട്ടൂണുകൾ ആണ് ഇപ്പോഴത്തെ ട്രോളുകൾ. പഴയ കാലത്തെ ഓട്ടോഗ്രാഫിന് തുല്യമാണ് ഇപ്പോഴത്തെ സെൽഫിയും. ലുട്ടാപ്പി എന്ന കഥാപാത്രത്തിന്‍റെ നിറം മാറ്റാന്‍ അതിന്‍റെ പ്രസിദ്ധീകരണം ഒരു ശ്രമം നടത്തി. ഇതിനെതിരെ കേരളത്തിലെ വിര്‍ച്വല്‍ പ്ലാറ്റ്ഫോം ഇളകിമറിഞ്ഞു. വലിയ ജനകീയ മുവ്മെന്‍റായിരുന്നു അത്. ലുട്ടാപ്പിക്ക് അതിഭീകരമായ സ്വീകാര്യത കിട്ടി. ഇതേ സമയത്താണ് കേരളത്തിൽ കോൺഗ്രസ്സിനെ രക്ഷിക്കുവാനായി മുല്ലപ്പള്ളി വരുന്നതും. മുല്ലപ്പള്ളി ജാഥ നടത്തുകയാണ്. മുല്ലപ്പള്ളിയുടെ ജാഥ വരുമ്പോൾ ശുഷ്കമായ സദസ്സാണ് കാണുന്നത്. മുല്ലപ്പള്ളി ഒരു ക്രൗഡ് പുള്ളർ ലീഡർ അല്ലെന്നാണ് എന്റെയൊരു കാഴ്ചപ്പാട്. ഒരു വശത്ത് ആളുകൾ ഇല്ലാത്ത ശുഷ്കമായ സദസ്സ്. മറ്റൊരു വശത്ത് ലുട്ടാപ്പിക്ക് വേണ്ടിയുള്ള പോരാട്ടം . സ്വാഭാവികമായും കേരള രാഷ്ട്രീയത്തിലെ ഏതെങ്കിലുമൊരു നേതാവ് വിട്ടുപോയാൽ ഇതുപോലൊരു ജനകീയ മുന്നേറ്റം ഉണ്ടാകുമോ. സോഷ്യൽ മീഡിയ എന്നത് സ്വതന്ത്രമായ തെരുവാണ്. അവിടെ പലതരത്തിലുള്ള ആളുകൾ ഉണ്ടാകും. ലുട്ടാപ്പി എന്നത് പോപ്പുലർ ആയ കഥാപാത്രമാണ്. ഞാനത് അവഗണിക്കുകയാണെങ്കിലും ആ കഥാപാത്രത്തിന് ജനകീയത ഉണ്ടെന്നത് സത്യമാണ്.