വിവാഹം ആഡംബര രഹിതമാകണം; ബോധവത്കരണത്തിന് മത രാഷ്ട്രീയ സംഘടനകൾ രംഗത്തിറങ്ങണം: കാന്തപുരം
ഏതെങ്കിലും ഒരു സമ്പന്നൻ ചെയ്യുന്ന കാര്യങ്ങൾ പാവപ്പെട്ടവരിലേക്കും ഒരു ബാധ്യതയായി കടന്നുവരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും കാന്തപുരം പറഞ്ഞു.
കോഴിക്കോട്: വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ ആഡംബരം ഒഴിവാക്കണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഏതെങ്കിലും ഒരു സമ്പന്നൻ ചെയ്യുന്ന കാര്യങ്ങൾ പിന്നീട് ഒരു ചടങ്ങായി മാറുകയാണ്. ഇത്തരം ചടങ്ങുകൾ പാവപ്പെട്ടവരിലേക്കും ഒരു ബാധ്യതയായി കടന്നുവരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും കാന്തപുരം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഏതാനും നാളുകൾക്ക് മുമ്പാണ് പരിചയത്തിലുള്ള ഒരു ചെറുപ്പക്കാരൻ ആസന്നമായ തന്റെ വിവാഹ വിവരം പറയാൻ എത്തിയത്. വിശേഷം പങ്കുവെച്ചതിന് ശേഷം ഒരുക്കങ്ങൾ എല്ലാം എന്തായെന്ന അന്വേഷണത്തിനിടെയാണ് പെണ്ണുകാണൽ മുതലുള്ള ഒട്ടനേകം ചടങ്ങുകളുടെയും ആഡംബരങ്ങളുടെയും സാഹചര്യത്തെ കുറിച്ച് അദ്ദേഹം പറയുന്നത്. സോഷ്യൽ മീഡിയകളും മറ്റും വ്യാപകമായ കാലത്ത് ഏതെങ്കിലും ഒരു സമ്പന്നൻ ചെയ്യുന്ന കാര്യങ്ങൾ പതിയെ പതിയെ ഒരു ചടങ്ങായി, മാമൂലായി സാധാരണക്കാരിലേക്ക് അതിവേഗം എത്തുന്ന സ്ഥിതിയും അൽപം ആശങ്കയോടെ അദ്ദേഹം പങ്കുവെച്ചു. കാലത്തിനനുസരിച്ചുള്ള ചില മാറ്റങ്ങൾ മറ്റെല്ലാ മേഖയിലുമെന്ന പോലെ വിവാഹ അനുബന്ധ വിഷയങ്ങളിലും രൂപപ്പെട്ടിട്ടുണ്ടാവുമെന്ന ധാരണയെ അതുവരെ എനിക്കുണ്ടായിരുന്നുള്ളൂ. ഇത്രയധികം ചടങ്ങുകളും വൈവിധ്യങ്ങളും മാമൂലെന്ന പോലെ സമൂഹത്തിലെ സാധാരണക്കാരിലേക്കും പാവപ്പെട്ടവരിലേക്കും ഒരു ബാധ്യതയായി പടരുന്ന ദുരവസ്ഥ രൂപപ്പെട്ടുവരുന്നുണ്ടെന്ന വിവരം ആശങ്കയോടെയല്ലാതെ നോക്കികാണാനാവില്ല.
മുമ്പ് സ്ത്രീധനമായിരുന്നു വിവാഹ അനുബന്ധമായി നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന പ്രയാസങ്ങളിലൊന്ന്. അനേകം കുടുംബങ്ങളിലാണ് അതേ ചൊല്ലിയുള്ള പ്രശ്‍നങ്ങൾ ഉണ്ടായത്. പട്ടിണിയിലും പ്രാരാബ്ധത്തിലുമായി കഴിഞ്ഞിരുന്ന കേരളീയ സമൂഹത്തില്‍ ഗള്‍ഫ് കുടിയേറ്റം സൃഷ്ടിച്ച സമ്പന്നതയുടെ ഫലമായി രണ്ടായിരമാണ്ടിന്റെ ആരംഭത്തിലാണ് സ്ത്രീധനമെന്ന ഏർപ്പാട് അതിന്റെ മൂർധന്യതയിൽ എത്തിയത്. ഒരു ആചാരം കണക്കെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംങ്ങളെയടക്കം അത് സാരമായി ബാധിക്കാനാരംഭിച്ചപ്പോൾ മത പണ്ഡിതന്മാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്ന വിവിധ ഉദ്ബോധനങ്ങളുടെയും ക്യാമ്പയിനുകളുടെയും ഫലമായി മെല്ലെ മെല്ലെ സമുദായം അക്കാര്യത്തിൽ നിന്ന് പിന്തിരിഞ്ഞെന്നത് നല്ലൊരു കാര്യമായിരുന്നു. സമുദായ നേതൃത്വത്തിന്റെ ഇടപെടൽ ഏറെക്കുറെ ഫലം കണ്ട ഒരുദ്യമമായിരുന്നു അത്. സ്ത്രീധനം ചോദിക്കുന്നത് ഒരു മോശം പ്രവണതയായി മാറിയിട്ടുണ്ട് ഇപ്പോൾ. ആ ഒഴിവിലേക്കാണ് വിവാഹ അനുബന്ധ ധൂർത്ത് കയറിവരുന്നത്.
പഴയകാല സാഹചര്യത്തിൽ നിന്ന് മാറി സമ്പത്തും സാമൂഹിക നിലവാരവും പൊതുവെ നമ്മുടെ സമൂഹത്തിൽ അധികരിച്ചിട്ടുണ്ട് എന്നത് നേരാണ്. നമ്മുടെ ചെറുപ്പക്കാരുടെ അധ്വാനങ്ങളും ഗൾഫ് നാടുകളിലെ തൊഴിൽ ലഭ്യതയും അതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആ നിലക്ക് മുൻകാലങ്ങളിലെ വിവാഹ സത്കാരങ്ങളെ അപേക്ഷിച്ച് കൂടുതൽ വിഭവങ്ങളും മറ്റും ഉണ്ടാവുക സ്വാഭാവികമാണ്. അതെല്ലാം ഓരോരുത്തരുടെ സാമ്പത്തിക നിലവാരത്തിനനുസരിച്ച് ആകയാൽ സമൂഹവും അതിനെ അങ്ങനെയേ കാണുന്നുള്ളൂ. എന്നാൽ പെണ്ണുകാണൽ, നിശ്ചയം, നികാഹ്, പോലുള്ള ലളിതമായി, ഒരു വീടിന്റെപരിധിയിലോ കുടുംബാംഗങ്ങളിലും അയൽക്കാരിലുമോ ഒതുങ്ങിയിരുന്ന അനിവാര്യ കാര്യങ്ങൾക്കപ്പുറം മറ്റനേകം ചടങ്ങുകളിലേക്കും ക്ഷണിതാക്കളുടെയും ഉപയോഗിക്കപ്പെടുന്ന ദൗതിക വസ്തുക്കളുടെയും ആധിക്യത്തിലേക്കും സമൂഹം എത്തിയിട്ടുണ്ടെങ്കിൽ അത് എതിർക്കപ്പെടേണ്ടത് തന്നെയാണ്.
ഇതുപറയുമ്പോൾ 'എനിക്ക് സമ്പത്തുള്ളത് കൊണ്ടല്ലേ, എന്റെ ഇഷ്ടം പോലെയല്ലേ എന്റെ വീട്ടിലെ ചടങ്ങുകൾ തീരുമാനിക്കേണ്ടത്' എന്ന് പലർക്കും തോന്നിയേക്കാം. എന്നാൽ സമ്പന്നരിൽ മാത്രം ഒതുങ്ങി നിൽക്കാതെ വീഡിയോകളായും മറ്റും സമൂഹത്തിൽ പ്രചരിച്ച് ഇടത്തരക്കാരിലേക്കും സാധാരണക്കാരിലേക്കും ഈ ദുർ ചടങ്ങുകൾ എത്തുന്നുണ്ട് എന്നാണ് മനസ്സിലായത്. പെണ്ണുകണ്ട് ഇഷ്ടപെട്ടാൽ വരന്റെ കുടുംബം സന്തോഷത്തിനെന്ന പേരിൽ മുമ്പ് അൽപം മധുരം കൈമാറിയിരുന്നെങ്കിൽ ഇന്നത് മുഴുവൻ വസ്ത്രവും ആഭരണവും വിലകൂടിയ ഫോണും ഉൾപ്പെടെ കൈമാറുന്ന സാഹചര്യത്തിലേക്ക് വഴിമാറിയിട്ടുണ്ടെന്നറിഞ്ഞു. തന്റെ വിവാഹത്തിനും ഇങ്ങനെയൊക്കെ വേണമെന്ന് വരനും വധുവും കുടുംബവും ആഗ്രഹിക്കുന്ന അവസ്ഥയെത്തി. ചിലർക്ക് താത്പര്യമില്ലെങ്കിലും മറ്റുചിലരുടെ നിർബന്ധപ്രകാരം ചെയ്യേണ്ടി വന്നു. ചെയ്തില്ലെങ്കിൽ സമൂഹത്തിൽ സ്റ്റാറ്റസ് കുറയുമോ എന്ന് ശങ്കിച്ചു. തത്ഫലമായി ലോണെടുത്തും കടം വാങ്ങിയും ചടങ്ങുകൾ തീർക്കുന്ന അവസ്ഥയുണ്ടാവുന്നു. ദൂർത്തിനൊപ്പം അനേകം ഹറാമുകളും മറ്റും വ്യാപകമായി. മനസ്സ് കൊണ്ടെങ്കിലും ഈ പ്രവണതകളെ എതിർക്കുന്ന അനേകം സ്ത്രീ പുരുഷൻ ഇപ്പോഴും സമൂഹത്തിലുണ്ട് എന്നതാണ് ആശ്വാസം. അത്യധികം സാമൂഹിക പ്രത്യാഘാതങ്ങളിലേക്ക് വഴിവെക്കുന്ന ഈ പ്രവണതകൾ മാറിയേ മതിയാവൂ. മഹല്ലാടിസ്ഥാനത്തിലും മറ്റും കൃത്യമായ ബോധവത്കരണം നടത്തുകയും ദൂർത്തുകൾ തടഞ്ഞ് അത്തരം സമ്പത്ത് സമൂഹത്തിനുപകരമായ വഴികളിലേക്ക് തിരിക്കുകയും വേണം.
പരിപാവനമായ ചടങ്ങാണ് വിവാഹം. മനുഷ്യന്റെ ലൈംഗിക സാന്മാര്‍ഗികതക്ക് സഹായകമാണെന്ന നിലയില്‍ ഒരു പുണ്യകര്‍മം കൂടിയായാണ് മതവിശ്വാസികള്‍ ഇതിനെ കാണേണ്ടത്. അതുകൊണ്ടുതന്നെ ഇസ്‌ലാമിക നിയമങ്ങളുടെ അതിർ ലംഘിക്കാതെയും സമൂഹത്തിനൊരു ഭാരമാവാതെയുമാവണം നമ്മുടെ വീട്ടിലെ വിവാഹങ്ങൾ. സത്കാരവും ആളുകളെ അറിയിച്ചാവലും എല്ലാം അതിന്റെ ഭാഗം തന്നെയാണ്. എന്നാൽ ദുർവ്യയവും ഹറാമുകളും കടന്നുവരാത്ത വിധമാവണമവ. പലിശക്ക് പണം എടുത്തും മറ്റും നിർവഹിക്കുന്ന ചടങ്ങുകളിൽ എന്ത് ഗുണമാണുണ്ടാവുകയെന്നാലോചിച്ചുനോക്കൂ. 'ദുർവ്യയം ചെയ്യുന്നവർ പിശാചിന്റെ സഹോദരന്മാരാണ്' എന്നാണ് ഖുർആനികാധ്യാപനം. പ്രിയപ്പെട്ട യുവതീ യുവാക്കളേ, നിങ്ങളുടെ വിവാഹം ആഡംബര രഹിതമായി, അല്ലാഹുവിനും റസൂലിനും ഇഷ്ടപെടുന്ന വിധമാവണമെന്ന നിർബന്ധം നിങ്ങൾക്കുണ്ടാവണം. രക്ഷിതാക്കൾക്കും ഇക്കാര്യത്തിൽ ഏറെ ദൗത്യമുണ്ട്. മതസംഘടനകൾക്കും രാഷ്ട്രീയ കൂട്ടായ്മൾക്കും സമൂഹത്തെ ബോധവത്കരിക്കാനാവും. നമുക്ക് മുന്നിട്ടിറങ്ങാം.