നവവധു ഷഹാനയുടെ മരണം; ഇടപെട്ട് യുവജന കമ്മീഷൻ, പൊലീസിൽ നിന്ന് റിപ്പോർട്ട് തേടി
നിറത്തിന്റെ പേരിൽ അവഹേളനം നേരിട്ട ഷഹാനയുടെ മരണത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു
മലപ്പുറം: നവവധു ഷഹാന മുംതാസിന്റെ മരണത്തിൽ യുവജന കമ്മീഷൻ പൊലീസിൽ നിന്ന് റിപ്പോർട്ട് തേടി. യുവജന കമ്മീഷൻ ചെയർമാനും അംഗങ്ങളും മലപ്പുറത്തെ ഷഹാനയുടെ വീട് സന്ദർശിച്ചു. നീതിക്കായി കുടുംബത്തിനൊപ്പം നിൽക്കുമെന്ന് കമ്മീഷൻ ചെയർമാൻ എം.ഷാജർ പറഞ്ഞു.
നേരത്തെ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. നിറത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് തുടര്‍ച്ചയായി അവഹേളനം നേരിട്ടതിനെത്തുടര്‍ന്ന് മരിച്ചെന്ന വാർത്ത ശ്രദ്ധയില്‍പെട്ടയുടൻ സ്വമേധയാ കേസ് എടുക്കാന്‍ കമ്മീഷൻ ഡയറക്‌ടർക്കും സിഐക്കും കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി നിര്‍ദേശം നൽകുകയായിരുന്നു.
കഴിഞ്ഞ വർഷം മെയ് 27നായിരുന്നു ഷഹാനയുടെയും അബ്‌ദുൽ വാഹിദിന്റെയും നിക്കാഹ്. കല്യാണം കഴിഞ്ഞ് 20 ദിവസത്തിന് ശേഷം വാഹിദ് ഗൾഫിലേക്ക് മടങ്ങിപ്പോയി. ഷഹാനക്ക് നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്നും അപമാനിച്ചിരുന്നെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കൊണ്ടോട്ടി ഡിവൈ.എസ്.പി. കെ.സി സേതുവാണ് കേസ് അന്വേഷിക്കുന്നത്.