ലാവ്‍ലിൻ കേസും അമിത് ഷായുടെ വരവും തമ്മിൽ ബന്ധമുണ്ട്: എം.കെ മുനീര്‍

'അമിത് ഷായെ നെഹ്റു ട്രോഫി വള്ളംകളിക്ക് ക്ഷണിച്ചതിന് പിന്നിൽ സി.പി.എം - ബി.ജെ.പി കൂട്ടുകെട്ട്'

Update: 2022-08-28 02:13 GMT
Advertising

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നെഹ്റു ട്രോഫി വള്ളംകളിക്ക് ക്ഷണിച്ചതിന് പിന്നിൽ സി.പി.എം - ബി.ജെ.പി കൂട്ടുകെട്ടെന്ന് മുസ്‍ലിം ലീഗ് നേതാവ് എം.കെ മുനീർ. അമിത് ഷായുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ട്. വള്ളംകളിക്ക് ക്ഷണിച്ച ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരെയും അമിത് ഷായെയും ഒരു പോലെ കാണാന്‍ കഴിയില്ല. ലാവ്ലിന്‍ കേസ് വിചാരണയും അമിത് ഷായുടെ വരവും തമ്മിൽ ബന്ധമുണ്ടെന്നും മുനീർ മീഡിയവണിനോട് പറഞ്ഞു.

"അമിത് ഷായെ മുന്‍പും രാജകീയമായാണ് മുഖ്യമന്ത്രി കൊണ്ടുവന്നത്. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യും മുന്‍പ് അമിത് ഷായുടെ വിമാനം ഇറങ്ങാന്‍ സൌകര്യം കൊടുത്തിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ അമിത് ഷായും മോദിയും ഏതെല്ലാം രീതിയിലാണ് ഫാഷിസത്തെ വളര്‍ത്തിക്കൊണ്ടുവരുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. ആര്‍.എസ്.എസിന്‍റെ എല്ലാ കല്‍പ്പനകളും അനുസരിക്കുന്ന പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് രാജ്യം ഭരിക്കുന്നത്. ലാവ്‍ലിന്‍ കേസ് എത്ര തവണ നീട്ടിവെയ്ക്കപ്പെട്ടു? അതെല്ലാം അമിത് ഷായുടെ വരവുമായി കൂട്ടിവായിക്കേണ്ടതുണ്ട്"- എം.കെ മുനീര്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ കാലത്ത് നിതിന്‍ ഗഡ്കരിയെ കൊണ്ടുവന്നിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഗഡ്കരിയെയും അമിത് ഷായെയും ഒരുപോലെയല്ല കാണുന്നത് എന്നായിരുന്നു മുനീറിന്‍റെ മറുപടി. നെഹ്റുവിനെയാണ് ബി.ജെ.പി ഏറ്റവും ഭയപ്പെടുന്നത്. ജെഎന്‍യുവിന്‍റെ ഉള്‍പ്പെടെ പേര് മാറ്റാന്‍ ശ്രമിക്കുന്നു. ഇവിടെ അമിത് ഷാ വരുന്നത് നെഹ്റുവിന്‍റെ പേര് മാറ്റാനാണോ എന്ന് സംശയമുണ്ടെന്നും എം.കെ മുനീര്‍ പറഞ്ഞു. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News