എം. ശിവശങ്കറിന്‍റെ സസ്പെൻഷൻ നീട്ടി
ക്രിമിനൽ കേസിൽ പ്രതി ആയതിനാലാണ് സർക്കാർ തീരുമാനം
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ സസ്പെന്‍ഷന്‍ നീട്ടി. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചു. നിലവിലെ സസ്പെന്‍ഷന്‍ കാലാവധി അടുത്ത വെള്ളിയാഴ്ച അവസാനിരിക്കെയാണ് സര്‍ക്കാരിന്‍റെ നടപടി.
സ്വർണക്കടത്തു കേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിനെ സർക്കാർ ഓഫിസിൽ നിയമിച്ചതിൽ ഇടപെട്ടതിലുമാണ് ശിവശങ്കറിനെ ആദ്യം സസ്പെന്‍ഡ് ചെയ്തത്. ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലൈ 16ന് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്.പിന്നീട് കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ സസ്പെന്‍ഷന്‍ നീട്ടിയിരിന്നു.ഈ മാസം 16 ന് സസ്പെന്‍ഷന്‍ കാലാവധി അവസാനിരിക്കെയാണ് ശിവശങ്കറിനെ വീണ്ടും സസ്പെന്‍ഡ് ചെയ്യാന്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ തീരുമാനമായത്.ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചു.
ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെങ്കില്‍ കേന്ദ്രത്തിന്‍റെ അനുമതി വേണം. ശിവശങ്കര്‍ ക്രിമിനല്‍കേസില്‍ പ്രതിയാണമെന്ന കാര്യവും കേന്ദ്രത്തെ അറിയിക്കും.ഇതോടെ കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.ശിവശങ്കറിനെതിരെ ശക്തമായ തെളിവുകൾ കോടതിയിലെത്തിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയാത്തതും സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തലുകൾ ഗുരുതര കുറ്റകൃത്യമല്ലാത്തതിനാൽ സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള ആലോചനകള്‍ നേരത്തെ സര്‍ക്കാര്‍ തലത്തില്‍ നടന്നിരുന്നു.എന്നാല്‍ തിരിച്ചെടുത്താലുള്ള വിവാദങ്ങള്‍ കൂടി പരിഗണിച്ചാണ് സസ്പെന്‍ഷന്‍ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.2023 ജനുവരി മാസംവരെ ശിവശങ്കറിനു സർവീസ് കാലാവധിയുണ്ട്.