'ഇത് മീഡിയവണിന്റെ മാത്രം വിജയമല്ല, ഇന്ത്യയിലെ മുഴുവൻ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ വിജയമാണ്'; എം.വി നികേഷ് കുമാർ
'പൗരൻ എന്ന നിലയിലും മാധ്യമപ്രവർത്തകൻ എന്ന നിലയിലും വിധിയെ സ്വാഗതം ചെയ്യുന്നു'
കോഴിക്കോട്: മീഡിയവണിന്റെ വിലക്ക് നീക്കിയതുമായി ബന്ധപ്പെട്ട് ആത്മവിശ്വാസം നൽകുന്ന വിധിയാണ് പരമോന്നത നീതിപീഠത്തിൽ നിന്നും ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടർ ടിവി മേധാവി എം.വി നികേഷ് കുമാർ.
'ഇത് മീഡിയവണിന്റെ മാത്രം വിധിയല്ല. ഇന്ത്യയിലെ സ്വതന്ത്രമാധ്യമപ്രവർത്തനത്തിന്റെ വിജയമാണ്. വളരെ ആശങ്ക നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. കോടതികൾ എങ്ങോട്ടാണ് പോകുന്നത് എന്ന സംശയം ഉയരുന്ന ഘട്ടത്തിലാണ് പരമോന്നത നീതിപീഠത്തിൽ നിന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിൽ നിന്ന് വിധി ഉണ്ടായിരിക്കുന്നത്. പൗരൻ എന്ന നിലയിലും മാധ്യമപ്രവർത്തകൻ എന്ന നിലയിലും വിധിയെ സ്വാഗതം ചെയ്യുന്നു..' അദ്ദേഹം പ്രതികരിച്ചു.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് മീഡിയവണിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രിംകോടതി റദ്ദാക്കിയത്.ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഭരണഘടനാവിരുദ്ധമല്ല. മീഡിയവണിന്‍റെ ലൈസന്‍സ് നാലാഴ്ചയ്ക്കകം പുതുക്കിനല്‍കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.
കഴിഞ്ഞ വര്‍ഷം ജനുവരി 31നാണ് മീഡിയവണിന്‍റെ പ്രവര്‍ത്തനാനുമതി വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചത്. കേന്ദ്ര നടപടി ഹൈക്കോടതി ശരിവെച്ചതോടെ മീഡിയവണ്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ചാനലിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ച ഹൈക്കോടതി വിധി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15നാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്.
മീഡിയവൺ ചാനൽ ഉടമകളോ 325 ജീവനക്കാരോ ഒരു ഘട്ടത്തിലും ദേശസുരക്ഷയ്ക്ക് ദോഷകരമായ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റർ പ്രമോദ് രാമൻ നൽകിയ ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകാതെ, തൊഴിൽ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നൽകിയ ഹരജിയിൽ വ്യക്തമാക്കി. 2022 നവംബര്‍ മൂന്നിന് വാദം പൂര്‍ത്തിയായ കേസില്‍ ഇന്നാണ് ചരിത്രവിധിയുണ്ടായത്.