തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; എൽ.ഡി.എഫ് സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് എം.എ ബേബി
വികസന വിരുദ്ധതയ്‌ക്കെതിരായ തെരഞ്ഞെടുപ്പാകും തൃക്കാക്കരയിലേതെന്നും എം.എ ബേബി മീഡിയവണിനോട് പറഞ്ഞു
കൊച്ചി: തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി. അടുത്ത ദിവസങ്ങളില്‍ തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകാമെന്നും വികസന വിരുദ്ധതയ്‌ക്കെതിരായ തെരഞ്ഞെടുപ്പാകും തൃക്കാക്കരയിലേതെന്നും എം.എ ബേബി മീഡിയവണിനോട് പറഞ്ഞു.
എന്തുവിലകൊടുത്തും തൃക്കാക്കര മണ്ഡലം പിടിച്ചെടുക്കണമെന്നും സംസ്ഥാന സർക്കാരിന്‍റെ വികസനനേട്ടങ്ങൾ തൃക്കാക്കരയിൽ ചർച്ചയാക്കണമെന്നും മുഖ്യമന്ത്രി എൽ.ഡി.എഫ് നേതാക്കൾക്ക് നിർദേശം നൽകിയിരുന്നു. മുന്നണിയിലെ പ്രധാനപ്പെട്ട നേതാക്കളുമായി മുഖ്യമന്ത്രി ഇന്നലെ രാത്രി ഫോണിൽ സംസാരിക്കുകയും ചെയ്തു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ ഇടതു മുന്നണി മൂന്നക്കം കടക്കുമെന്നാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ പ്രതികരണം.
സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല. മികച്ച സ്ഥാനാർത്ഥിയായിരിക്കും എൽ.ഡി.എഫിൻ്റേത്. കേരളം വികസന കുതിപ്പിലാണ്. വികസനത്തിൻ്റെ രാഷ്ട്രീയം പറഞ്ഞാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ ജനവികാരം അനുകൂലമാക്കും. പൊന്നാപുരംകോട്ട തകർന്ന് ദേഹത്ത് വീഴാതെ യു.ഡി.എഫ് നേതാക്കൾ നോക്കണമെന്നും ഇ.പി ജയരാജൻ പറഞ്ഞു.