മഅ്ദനിയുടെ ബി.പി ഉയർന്ന നിലയിൽ; അൻവാർശേരിയിലേക്കുള്ള യാത്ര വിദഗ്ദ പരിശോധനക്ക് ശേഷം

ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

Update: 2023-06-27 04:40 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി:  പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ബി.പി ഉയർന്ന നിലയിൽ തന്നെയാണുള്ളത്. പത്തുമണിക്ക് വിദഗ്ദ പരിശോധനക്ക് ശേഷം അൻവാർശേരിയിലേക്കുള്ള യാത്രയുടെ കാര്യത്തിൽ തീരുമാനമെടുക്കും.ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.  തിങ്കളാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയശേഷം അൻവാർശേരിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മഅ്ദനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് മഅ്ദനി ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. വൈകിട്ട് ഏഴരയോടെയാണ് മഅ്ദനി കൊച്ചിയിലെത്തിയത്. കൊച്ചിയിൽ എത്തിയപ്പോൾ തന്നെ ഏറെ ക്ഷീണിതനായിരുന്നു അദ്ദേഹം. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. യാത്രാമധ്യേ ആലുവയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

നെടുമ്പാശേരിയിൽ നിന്ന് അൻവാർശേരിയിലേക്ക് ആംബുലൻസിലാണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്. ഡോക്ടറും ഒരു ആരോഗ്യപ്രവർത്തകനും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ ആംബുലൻസിൽ വെച്ച് അദ്ദേഹം ഛർദിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകിയത്. 

രോഗബാധിതനായ പിതാവിനെ കാണണമെന്നും ഉമ്മയുടെ ഖബറിടം സന്ദർശിക്കുമെന്നും മഅ്ദനി ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കർണാടക സർക്കാർ സുരക്ഷക്കായി വലിയപണം ആവശ്യപ്പെട്ടതോടെയാണ് കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായത്. ഭരണമാറ്റത്തോടെ ഇതിൽ ചില ഇളവുകൾ ലഭിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ വല്ലാതെ അലട്ടുന്നുണ്ട്. നാട്ടിലെത്തി ചികിത്സ തേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അതൊന്നും നടന്നില്ലെന്നും മഅ്ദനി പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News