മധു വധക്കേസ്: പ്രതിഭാഗം അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്ന് മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതി
ഹൈക്കോടതിയിൽ വിചാരണ ജഡ്ജി ഉത്തരം പറയേണ്ടി വരുമെന്നും മാധ്യമങ്ങളിൽ ജഡ്ജിയുടെ പടം ഉൾപ്പെടെ മോശം വാർത്തകർ വരുമെന്നും അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള വിധിന്യായത്തിൽ ജഡ്ജി പറഞ്ഞു.
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രതിഭാഗം അഭിഭാഷകനെതിരെ മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതി. പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി പറഞ്ഞു. ഹൈക്കോടതിയിൽ വിചാരണ ജഡ്ജി ഉത്തരം പറയേണ്ടി വരുമെന്നും മാധ്യമങ്ങളിൽ ജഡ്ജിയുടെ പടം ഉൾപ്പെടെ മോശം വാർത്തകർ വരുമെന്നും അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള വിധിന്യായത്തിൽ ജഡ്ജി പറഞ്ഞു. മൂന്ന്, ആറ്, എട്ട്, 10, l 2 പ്രതികളുടെ അഭിഭാഷകനെതിരെയാണ് പരാമർശം.
വ്യവസ്ഥകൾ ലംഘിച്ചതിനാൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജി അംഗീകരിച്ചാണ് ഇന്ന് 12 പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.