കൊച്ചിയിലെ ഫ്ലാറ്റില്‍ കൊല്ലപ്പെട്ടത് മലപ്പുറം സ്വദേശി; കൂടെ താമസിച്ചിരുന്നയാളെ കാണാനില്ല
മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കൊച്ചി കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണ (23)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
മൃതദേഹം ഫ്ലാറ്റിലെ മുറിക്കുള്ളിൽ കെട്ടിപ്പൊതിഞ്ഞ് വെച്ചിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കാക്കനാട് ഇടച്ചിറയിലെ ഒക്സോണിയ ഫ്ലാറ്റിലാണ് കൊലപാതകം
ഫ്ലാറ്റിൽ സജീവിന്‍റെ കൂടെ താമസിച്ച ഒരാളെ കാണാനില്ല. കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനെയാണ് കാണാതായത്. അർഷാദിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. ഇയാൾ രണ്ട് ദിവസമായി കൊല്ലപ്പെട്ട സജീവിന്റെ കൂടെയായിരുന്നു താമസം.
അംജദ്, ശ്യാം, വിഷ്ണു എന്നിവരാണ് സജീവിന്റെ ഫ്ലാറ്റിലെ മറ്റു താമസക്കാർ. ഇവർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇന്ന് തിരിച്ചെത്തിയപ്പോഴാണ് ഫ്ലാറ്റിനുള്ളില്‍ മൃതദേഹം കണ്ടത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സജീവിന്‍റെ ദേഹമാസകലം മുറിവുകളുണ്ടെന്ന് അയല്‍വാസി ജലീല്‍ പറഞ്ഞു.