പുതുവത്സരം നിയന്ത്രണങ്ങളിൽ നിന്ന് ആഘോഷിച്ച് മലയാളികൾ
കോവളത്ത് നീന്തൽ കുളത്തിൽ കുളിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു
പ്രതീക്ഷയുടേയും നന്മയുടേയും പുതുവത്സരം നിയന്ത്രണങ്ങളിൽ നിന്ന് ആഘോഷിച്ച് മലയാളികൾ. തിരുവനന്തപുരത്തെ പ്രധാന ഇടങ്ങളിലെല്ലാം10 മണിയോടെ തന്നെ ആഘോഷങ്ങൾ അവസാനിപ്പിച്ചു. നഗരത്തിന്‍റെ വിവിധ മേഖലകളിൽ കർശന പരിശോധനയാണ് പൊലീസ് നടത്തിയത്. ആഘോഷങ്ങൾ പൊടിപൊടിക്കാറുള്ള കോവളത്തും വർകലയിലും വൈകുന്നേരം നല്ല തിരക്കുണ്ടായിരുന്നു. എന്നാൽ എട്ടരയോടെ ഉന്നത പോലിസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എത്തി മുഴുവൻ ആളുകളേയും ബീച്ചിൽ നിന്നും ഒഴിപ്പിച്ചു. പത്തുമണിയോടെ പ്രധാന ഇടങ്ങളെല്ലാം വിജനമായി. നേരത്തേ പിരിയേണ്ടി വന്ന നിരാശ ഉണ്ടെങ്കിലും ഈ വറുതിക്കാലം മാറി നല്ലൊരു പുലരി പിറക്കും എന്ന പ്രതീക്ഷയോടെയാണ് പലരും മടങ്ങിയത്.
ഹോട്ടലുകളും ക്ലബുകളും കൃത്യ സമയത്ത് തന്നെ പരിപാടികൾ അവസാനിപ്പിച്ചു. ഡി.ജെ പാർട്ടികൾക്കും നിയന്ത്രണമേർപ്പെടുത്തി. വലിയ ആൾക്കൂട്ടം ഉണ്ടാകാൻ സാധ്യതയുളള ഇടങ്ങളിൽ പൊലീസ് പരിശോധന കർശനമായിരുന്നു. തിരുവനന്തപുരം നഗരത്തിൽ മാത്രം 92 ഇടങ്ങളിൽ ചെക്ക് പോയന്‍റുകള്‍ പൊലീസ് ഒരുക്കി. ചിലയിടത്ത് നേരിയ തോതിൽ സംഘർഷവുമുണ്ടായി. കോവളത്ത് നീന്തൽ കുളത്തിൽ കുളിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
പാപ്പാഞ്ഞിയില്ലാതെയാണ് കൊച്ചിയില്‍ ഇക്കൊല്ലവും പുതുവത്സരം ആഘോഷിച്ചത്. ഒമിക്രോണ്‍ ഭീതിയില്‍ ആഘോഷങ്ങളെല്ലാം വെട്ടിച്ചുരുക്കിയതോടെ കൊച്ചി കാര്‍ണിവലും പേരിന് മാത്രമായി ഒതുങ്ങി. ഫോര്‍ട്ട് കൊച്ചി വെളിയിലെ എക്സിബിഷന്‍ ഗ്രൌണ്ടായിരുന്നു ഇത്തവണ ആളുകളെ കൂടുതല്‍ ആകര്‍ഷിച്ചത്. കനത്ത നിയന്ത്രണങ്ങളുളളതിനാല്‍ പുതുവത്സര രാവില്‍ വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ പറുദീസയായ ഫോര്‍ട്ട് കൊച്ചി ബീച്ചിലും സന്ദർശകർ കുറവായിരുന്നു. 10 മണി കഴിഞ്ഞതോടെ ബീച്ചും പരിസരവും കാലിയായി. വിലക്ക് ലംഘിച്ച് ഡി.ജെ പാര്‍ട്ടികള്‍ നടത്താതിരിക്കാന്‍ പഴുതടച്ച പരിശോധനയായിരുന്നു നടന്നത്.
പുതുവത്സരത്തോടനുബന്ധിച്ച് ലഹരി വസ്തുക്കള്‍ വ്യാപകമായി കൊച്ചിയിലേക്കെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നതിനാല്‍ എക്സൈസ് ഉദ്യോഗസ്ഥരും പരിശോധന ശക്തമാക്കി. വിലക്ക് ലംഘിച്ച് വാഹനങ്ങളുമായി നിരത്തിലെത്തിയവര്‍ക്ക് പിടിവീണു.
നിയന്ത്രണങ്ങള്‍ക്കിടയില്‍ തന്നെയായിരുന്നു കോഴിക്കോട് നഗരത്തിലെ പുതുവത്സര ആഘോഷങ്ങളും. ബീച്ചിലും നഗരത്തിലും പൊലീസ് നിയന്ത്രണം കര്‍ശനമാക്കിയിരുന്നു. വൈകീട്ട് അഞ്ച് മണിയോടെ തന്നെ നഗരം പൊലീസ് നിയന്ത്രണത്തിലായിരുന്നു. ബീച്ചിലേക്ക് വൈകീട്ട് വാഹനങ്ങള്‍ കടത്തിവിട്ടില്ല. രാത്രി ഒമ്പത് വരെ മാത്രമാണ് ബീച്ചിലേക്ക് ആളുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയത്. നേരം പുലരും വരെ പുതുവത്സര ആഘോഷാരവങ്ങള്‍ മുഴങ്ങിയിരുന്ന ബീച്ച് പത്ത് മണിയോടെ പൂര്‍ണമായും ഒഴിഞ്ഞു.