മാമി തിരോധാനക്കേസ്; അജിത് കുമാറിന് വീഴ്ച പറ്റിയെന്ന റിപ്പോര്‍ട്ട് ആയുധമാക്കി കുടുംബവും ആക്ഷന്‍ കമ്മറ്റിയും
പുതിയ അന്വേഷണത്തിന്‍റെ പുരോഗതി നിരീക്ഷിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മാമിയുടെ കുടുംബം അറിയിച്ചു
കോഴിക്കോട്; മാമി തിരോധാനക്കേസിൽ എഡിജിപി അജിത് കുമാറിന് വീഴ്ച പറ്റിയതായി ഡിജിപിയുടെ റിപ്പോർട്ടിലെ പരാമർശം ആയുധമാക്കി മാമിയുടെ കുടുംബവും ആക്ഷന്‍ കമ്മറ്റിയും. മലപ്പുറം എസ്.പിക്ക് അന്വേഷണ ചുമതല കൈമാറിയത് ഗൂഢലക്ഷ്യത്തോടെയാണെന്ന് മാമിയുടെ സഹോദരി മീഡിയവണിനോട് പറഞ്ഞു. പുതിയ അന്വേഷണത്തിന്‍റെ പുരോഗതി നിരീക്ഷിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മാമിയുടെ കുടുംബം അറിയിച്ചു.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെയും ജില്ലയിലെ മുതിർന്ന പോലീസ് ഓഫീസർമാരെയും ഒഴിവാക്കി മലപ്പുറം എസ് പി ക്ക് ചുമതല നല്‍കിയാണ് മാമി കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ എഡിജിപി എം.ആർ അജിത്കുമാർ രൂപീകരിച്ചത്. അജിത്കുമാറിന്‍റെ ഈ നടപടി അനുചിതമെന്നാണ് ഡിജിപിയുടെ റിപ്പോർട്ടിലെ ഉള്ളടക്കം. മാമിയുടെ കുടുംബത്തിന്‍റെ ആവശ്യം പരിഗണിക്കാത്തതിനെയും ഡിജിപി വിമർശിക്കുന്നുണ്ട്. ഇതോടെ കേസന്വേഷണം സംബന്ധിച്ച തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിഞ്ഞിരിക്കുകയാണെന്ന് മാമിയുടെ സഹോദരി പറഞ്ഞു.
മാമി തിരോധാനക്കേസിലെ അന്വേഷണസംഘത്തിനെതിരെ കുടുംബം നേരത്തേ തന്നെ രംഗത്ത് വന്നിരുന്നു. കേസന്വേഷണത്തില്‍ അജിത്കുമാർ തെറ്റായി ഇടപെട്ടെന്ന് പി.വി അൻവർ എംഎല്‍എയും ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. അന്വേഷണ പുരോഗതി ഒരുമാസം കൂടി നോക്കുമെന്നും അതിനു ശേഷം കുടുംബം തുടർനടപടികളിലേക്ക് കടക്കുമെന്നും മാമിയുടെ കുടുംബാംഗങ്ങള്‍ അറിയിച്ചു.