മംഗളൂരു സ്ഫോടനക്കേസ്: എൻ.ഐ.എ അന്വേഷണം ആരംഭിച്ചു
മുഖ്യപ്രതി മുഹമ്മദ് ഷാരിഖിനെ എൻഐഎ വിശദമായി ചോദ്യം ചെയ്യും
കാസർകോട്: മംഗളൂരു സ്ഫോടനക്കേസിൽ എൻ.ഐ.എ അന്വേഷണം ആരംഭിച്ചു. ദേശീയ അന്വേഷണ ഏജൻസി ബുധനാഴ്ച മംഗളൂരു പൊലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്തിരുന്നു. മുഖ്യ പ്രതി മുഹമ്മദ് ഷാരിഖിനെ എൻഐഎ വിശദമായി ചോദ്യം ചെയ്യും.
നവംബർ 19നാണ് മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്ഫോടനമുണ്ടായത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത ഷാരിഖിന്റെ കൈവശമുണ്ടായിരുന്ന കുക്കർ പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം. സംഭവത്തിൽ മുഹമ്മദ് ഷാരിഖിനും ഓട്ടോറിക്ഷാ ഡ്രൈവർ പുരുഷോത്തമ പൂജാരിക്കും പരിക്കേറ്റിരുന്നു.
സ്‌ഫോടനത്തിന് ശേഷം നടത്തിയ പരിശോധനയിൽഡിറ്റണേറ്ററും വയറുകളും ബാറ്ററികളും ഘടിപ്പിച്ച കുക്കർ സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 40 ശതമാനം പൊള്ളലേറ്റ ഷാരിഖിന് സംഭവത്തിന് ശേഷം വ്യക്തമായി സംസാരിക്കാൻ കഴിയുന്നില്ല. സിറ്റി പൊലീസ് പുരുഷോത്തമ പൂജാരിയിൽ നിന്നും മൊഴി എടുത്തിരുന്നു. എൻ ഐ എ സംഘം ഡോക്ടർമാരുടെ സഹായത്തോടെ ഷാരിഖിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം.