ആനി രാജക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ മണിപ്പൂർ പൊലീസ് നടപടി ഭരണകൂട ഭീകരത - റസാഖ് പാലേരി

വസ്തുതകളെയും അതിന്റെ പിറകിലുള്ള ഭരണകൂട ആസൂത്രണങ്ങളെയും മറച്ചുവെക്കാനാണ് ബി.ജെ.പി ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും റസാഖ് പാലേരി പറഞ്ഞു.

Update: 2023-07-12 13:14 GMT
Advertising

കോഴിക്കോട്: മണിപ്പൂരിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേഡ് കലാപമാണെന്ന സത്യം വിളിച്ചു പറഞ്ഞതിന് സി.പി.ഐ നേതാവ് ആനി രാജ ഉൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ മണിപ്പൂർ പൊലീസ് നടപടി ഭരണകൂട ഭീകരതയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സംഘ്പരിവാർ വേട്ടയാടുന്ന ആനി രാജ, നിഷ സിദ്ധു, ദീക്ഷ ദ്വിവേദി എന്നിവർക്ക് അദ്ദഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മണിപ്പൂരിൽ നടക്കുന്ന വംശഹത്യയുടെ പിറകിലെ യാഥാർഥ്യങ്ങൾ മറച്ചുപിടിക്കേണ്ടത് ബി.ജെ.പിയുടെ ആവശ്യമാണ്. മാധ്യമങ്ങളിലൂടെ പുറത്തറിയുന്നതിലും ഭീകരമായ അവസ്ഥകളാണ് അവിടെയുള്ളതെന്ന് വ്യത്യസ്ത സന്ദർഭങ്ങളിൽ മണിപ്പൂർ സന്ദർശിച്ച വിവിധ സാമൂഹിക പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വസ്തുതകളെയും അതിന്റെ പിറകിലുള്ള ഭരണകൂട ആസൂത്രണങ്ങളെയും മറച്ചുവെക്കാനാണ് ബി.ജെ.പി ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും റസാഖ് പാലേരി പറഞ്ഞു.

ഗുജറാത്ത് വംശഹത്യയെക്കുറിച്ച് സത്യങ്ങൾ വിളിച്ചു പറഞ്ഞതിന് ടീസ്റ്റ സെതൽവാദ്, ആർ.ബി ശ്രീകുമാർ, സഞ്ജീവ് ഭട്ട് തുടങ്ങി നിരവധിപേരെ ഫാഷിസ്റ്റ് ഭരണകൂടം ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. 2021ൽ ത്രിപുരയിൽ നടന്ന മുസ്ലിം വിരുദ്ധ ഭരണകൂട അതിക്രമത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ സത്യം വിളിച്ചു പറഞ്ഞ 102 സാമൂഹ്യ പ്രവർത്തകർക്കെതിരെ സമാനമായ രീതിയിൽ ത്രിപുര പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു. വസ്തുതകൾ വിളിച്ചുപറയുന്ന പൊതുപ്രവർത്തകരെയും അഭിഭാഷകരെയും മാധ്യമപ്രവർത്തകരെയും വേട്ടയാടുന്ന സംഘ്പരിവാറിന്റെ നടപടിക്കെതിരെ യോജിച്ച ശബ്ദം ഉയർന്നു വരണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News