മണിയാർ ചെറുകിട ജലവൈദ്യുത പദ്ധതി; സർക്കാർ കരാർ ലംഘിച്ച് കള്ളക്കളി കളിച്ചെന്ന് ചെന്നിത്തല
ബിഒടി അടിസ്ഥാനത്തിലുള്ള കരാർ അവസാനിച്ചിട്ടും പിന്മാറാൻ സർക്കാർ നോട്ടീസ് നൽകിയില്ല
ഡല്‍ഹി: മണിയാർ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ സർക്കാർ കരാർ ലംഘിച്ച് കള്ളക്കളി കളിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ അവസാനിച്ചിട്ടും പിന്മാറാൻ സർക്കാർ നോട്ടീസ് നൽകിയില്ല. ഒരു യൂണിറ്റിന് 50 പൈസക്ക് വൈദ്യുതി ഉത്പാദിപ്പിക്കാൻ അവസരം നൽകി. അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്ത് വിടുമെന്നും അദ്ദേഹം അറിയിച്ചു.
മാടായി നിയമന വിവാദത്തിൽ രാഘവനെ കുറിച്ചുള്ള ആരോപണം ശരിയാണെന്ന് കരുതുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. വിഷയം അന്വേഷിക്കാൻ കെപിസിസി ,സമിതിയെ നിയോഗിച്ചിട്ടുണ്ട്. പരാതിയുള്ളവർ കെപിസിസി സമിതിയെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പദ്ധതിയിൽ വൈദ്യുതി വകുപ്പും വ്യവസായ വകുപ്പും തമ്മിൽ തർക്കം ഉടലെടുത്തു. പദ്ധതി സ്വകാര്യ കമ്പനിക്ക് തന്നെ നൽകണമെന്ന് വ്യവസായ വകുപ്പ് ആവശ്യപ്പെടുമ്പോൾ കെഎസ്ഇബിക്ക് കൈമാറണമെന്നാണ് വൈദ്യുതി വകുപ്പ് നിലപാട്. പ്രതിവർഷം 18 കോടിയുടെ വൈദ്യുതി കെഎസ്ഇബിക്ക് ലഭിക്കുന്ന പദ്ധതിയായിരുന്നു മണിയാർ ജലവൈദ്യുത പദ്ധതി. സ്വകാര്യ കമ്പനിയുമായുള്ള കരാർ ഡിസംബറിൽ അവസാനിച്ചിരുന്നു. പദ്ധതി കെഎസ്ഇബിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് മുമ്പും കത്തയച്ചിരുന്നു.