തോട്ടട ഐടിഐ സംഘർഷം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്
കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് മുഹമ്മദ് റിബിന്‍റെ പരാതിയിലാണ് കേസ്
കണ്ണൂര്‍: കണ്ണൂർ തോട്ടട ഐടിഐയിലെ വിദ്യാർഥി സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്. മാരകായുധങ്ങളുമായി സംഘം ചേർന്ന് അക്രമിച്ചെന്ന് എഫ്ഐആർ. കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് മുഹമ്മദ് റിബിന്‍റെ പരാതിയിലാണ് കേസ്. എസ്എഫ് ഐ പ്രവർത്തകർ കൊടി കെട്ടിയ മുളവടി കൊണ്ട് അടിച്ചു വീഴ്ത്തിയെന്നും നീ ചത്തില്ലേയെന്ന് ആക്രോശിച്ച് ബോധം മറയും വരെ തലയിൽ ചവിട്ടിയെന്നും മർദനത്തിനിരയായ മുഹമ്മദ് റിബിൻ മീഡിയവണിനോട് പറഞ്ഞു.
റിബിന്‍റെ പരാതിയിൽ 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് വധശ്രമ കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. മുളവടികൊണ്ട് തലക്കടിച്ചു വീഴ്ത്തി,കല്ലുപയോഗിച്ച് ഇടിച്ചു,നെഞ്ചിലും തലയ്ക്കും ചവിട്ടി,മാരകായുധങ്ങളുമായി സംഘം ചേർന്നുവെന്നും എഫ്ഐആറിൽ പറയുന്നു.
എസ്എഫ്ഐ പ്രവർത്തകൻ ആഷിഖിന്‍റെ പരാതിയിൽ പരിക്കേറ്റ ചികിത്സയിൽ കഴിയുന്ന മുഹമ്മദ് റിബിൻ അടക്കം 5 കെഎസ്‌യു പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു.ഐടിഐ അക്രമത്തിൽ കെ എസ് യു കണ്ണൂർ ജില്ലയിൽ ഇന്ന് പഠിപ്പ് മുടക്കി പ്രതിഷേധിക്കുകയാണ്. സംഘർഷത്തിന് പിന്നാലെ ഇന്നലെ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു . നാളെ കോളജിൽ പൊലീസ് സർവകക്ഷി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.