'എതിർ ടീമിന്റെ അമരക്കാരനെ വെള്ളത്തിലേക്ക് തള്ളിയിട്ടു': മാന്നാർ ജലോത്സവത്തിൽ പൊലീസ് ക്ലബ്ബിനെതിരെ പരാതി
പൊലീസ് ടീം തുഴഞ്ഞ നിരണം ചുണ്ടന് ട്രോഫി നൽകരുതെന്ന് ആവശ്യപ്പെട്ടവരെ പൊലീസുകാർ മർദിച്ചെന്നും പരാതിയുണ്ട്
ആലപ്പുഴ : ആലപ്പുഴ മാന്നാറില്‍ ജലോത്സവത്തിൽ കേരള പൊലീസ് ക്ലബിനെതിരെ പരാതി. എതിർ ടീമായ ചെറുതന ചുണ്ടന്റെ അമരക്കാരനെ പൊലീസ് ക്ലബ്ബ് അംഗം വെള്ളത്തിലേക്ക് തള്ളിയിട്ടെന്നും ഇതിൽ പ്രതിഷേധിച്ചവരെ പൊലീസ് അഗംങ്ങൾ മർദിച്ചുവെന്നുമാണ് പരാതി.
ഇന്നലെ വൈകുന്നേരമാണ് മാന്നാർ ജലോത്സവം നടന്നത്. ആദ്യം മുന്നിലുണ്ടായിരുന്നത് നിരണം ചുണ്ടനായിരുന്നു. ഇടയ്ക്ക് രണ്ടാമതുണ്ടായിരുന്ന ചെറുതന ചുണ്ടന്റെ മുൻഭാഗത്തേക്ക് നിരണം ചുണ്ടന്റെ മുൻഭാഗം വന്നിടിച്ചു. ഇതേത്തുടർന്ന് നിരണം ചുണ്ടൻ മുന്നോട്ട് നീങ്ങാതെ മറ്റ് വള്ളത്തിൽ ഇടിച്ചു നിന്നു. ഇതോടെ പോലീസ് ക്ലബ്ബ് അംഗം ചെറുതന ചുണ്ടന്റെ അമരക്കാനെ വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു.
സംഭവം വിവാദമായതോടെ നിരണം ചുണ്ടന് ഒന്നാം സ്ഥാനം നൽകരുതെന്നാവശ്യപ്പെട്ട് മത്സരവേദിയിൽ പ്രതിഷേധമുണ്ടായി. തർക്കത്തിനിടെ പോലീസ് സംഘാംഗങ്ങൾ പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്തതായി ചെറുതന ചുണ്ടൻ ആരോപിക്കുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം ചെറുതന ചുണ്ടൻ പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ലെന്നും ആരോപണമുണ്ട്. സംഭവത്തിൽ കോടതിയെ സമീപിക്കാനാണ് ചെറുതന ചുണ്ടൻ അധികൃതരുടെ തീരുമാനം.