സാക്കറിൻ സോഡിയം ചേർത്ത ഐസ് കാൻഡി നിർമിച്ച് വില്‍പന നടത്തി; കമ്പനിക്ക് 25000 രൂപ പിഴയും മൂന്നുമാസം തടവും
താമരശ്ശേരി ഒന്നാം ക്ലാസ് കോടതി-2 മജിസ്ട്രേറ്റ് ആർദ്ര നിധിനാണ് വിധി പറഞ്ഞത്
കോഴിക്കോട് :കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന അന്നു ഐസ്ക്രീം എന്ന സ്ഥാപനത്തിന് സാക്കറിൻ സോഡിയം ചേർത്ത ഐസ് കാൻഡി നിർമ്മിച്ച് വില്പന നടത്തിയതിന് മൂന്നുമാസം തടവും 25,000 രൂപ പിഴയും വിധിച്ചത്. താമരശ്ശേരി ഒന്നാം ക്ലാസ് കോടതി-2 മജിസ്ട്രേറ്റ് ആർദ്ര നിധിനാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ ജിനത്ത് കുന്നത്ത് ഹാജരായി. കോഴിക്കോട് ജില്ലയിൽ 2016 മാർച്ച് മാസത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കാരശ്ശേരി പ്രവർത്തിക്കുന്ന അന്നു ഐസ്ക്രീം എന്ന സ്ഥാപനത്തിൽ നിന്നും ഐസ് കാൻഡി സാമ്പിൾ ശേഖരിച്ച് കോഴിക്കോട് മലാപ്പറമ്പിൽ പ്രവർത്തിക്കുന്ന അനലിറ്റിക്കൽ ലാബിൽ പരിശോധനയ്ക്ക് അയച്ചത്.
പരിശോധനാഫലത്തിൽ സാക്കറിൻ സോഡിയം കണ്ടെത്തിയതിനാൽ മനുഷ്യജീവൻ ഹാനികരമായ അൺസേഫ് റിപ്പോർട്ട് ലഭിക്കുകയും ചെയ്തു. തുടർന്ന് നടപടികൾ പാലിച്ചുകൊണ്ട് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി രണ്ടിൽ ഫുഡ് സേഫ്റ്റി ഓഫീസർ കേസ് ഫയൽ ചെയ്യുകയായിരുന്നു. 2016ൽ ഫുഡ് സേഫ്റ്റി ഓഫീസർ രാജീവ് കെ.പിയാണ് സാമ്പിൾ ശേഖരിച്ചത്. ഭക്ഷ്യസുരക്ഷ വകുപ്പിനായി തിരുവമ്പാടി ഭക്ഷ്യസുരക്ഷ ഓഫീസർ അനു എ.പി ഹാജരായിരുന്നു.
ഭക്ഷ്യസുരക്ഷ ഗുണ നിലവാരം ഫുഡ് അഡിറ്റീവ്സ് നിയന്ത്രണം 2011 പ്രകാരം ഐസ് കാൻഡി, ഐസ് ക്രീം മുതലായവയിൽ സക്കാരിൻ സോഡിയം പോലുളള കൃത്രിമ മധുരം ചേർക്കാൻ പാടില്ല എന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്‍റ് കമ്മീഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു. 2011ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയന്ത്രണങ്ങൾ പ്രകാരം ഭക്ഷണത്തിൽ ചേർക്കുന്ന ഫുഡ് അഡിറ്റീവ്സ്കൾക്ക് കർശന നിയന്ത്രണം ഉണ്ട്. കൃത്രിമ കളർ, പ്രിസർവേറ്റീവ്സ്, കൃതൃമ മധുരങ്ങൾ എന്നിവ ഫുഡ് അഡിറ്റീവ്സിൽ വരുന്നവയാണ്. കോഴിക്കോട് ജില്ലയിൽ നിയമ വിരുദ്ധമായി കൃത്രിമ നിറം ചേര്‍ത്തതിന് വിവിധ കോടതികളിലായി 150ൽ അധികം പ്രോസിക്കൂഷൻ കേസ് നടന്ന് വരുന്നു. അതിനാൽ അതിനെതിരെ 'നിറമല്ല രുചി' എന്ന പേരിൽ ഉല്പാദനകർക്കും ഉപഭോക്താക്കൾക്കും നിരവധി ബോധവത്കരണ ക്ലാസുകള്‍ നൽകിയിരുന്നു.
നിയമവിരുദ്ധമായി ഫുഡ് അഡിറ്റീവ്സ് ചേർക്കുന്നത് 3 മാസം മുതൽ ആറ് വർഷം വരെ തടവും 1 ലക്ഷം മുതൽ 5 ലക്ഷം വരെ ഫൈനും ലഭിക്കാവുന്ന കുറ്റമാണ്. അതിനാൽ ഭക്ഷ്യ ഉല്പാദനകർ ഫുഡ് അഡിറ്റീവ്സ്കളെ കുറിച്ചുള്ള നിയന്ത്രണങ്ങൾ കൃത്യമായി മനസിലാക്കിയ ശേഷം മാത്രമേ കൃത്രിമ മധുരം, കൃത്രിമ നിറം, പ്രിസർവേറ്റീവ്സ് മുതലായ ഫുഡ് അഡിറ്റീവ്സ് ഉപയോഗിക്കാവൂ എന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.