പൊതുഇടങ്ങളിൽ വിചിത്ര എഴുത്തുകൾ വ്യാപകം; പരാതി നൽകി മരട് നഗരസഭ

ആരാണ് ഈ വരകൾക്കു പിന്നിലെന്നത് ദുരൂഹമായി തുടരുകയാണ്

Update: 2024-06-18 17:48 GMT
Advertising

മരട്: നഗരത്തിലെ പൊതുഇടങ്ങളിൽ വിചിത്ര എഴുത്തുകൾ വ്യാപകമാകുന്നു. നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി മരട് നഗരസഭ. മരട്, തൃപ്പൂണിത്തുറ നഗരസഭകളുടെയും കൊച്ചി കോർപ്പറേഷന്റെയും വിവിധ പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള ചിത്രരചനകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

കുണ്ടന്നൂർ, വൈറ്റില, പൊന്നുരുന്നി, എളംകുളം, തൈക്കൂടം, ബണ്ട് റോഡ്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെല്ലാം പെയിന്റിങ്ങുണ്ട്. മരട് നഗരസഭ സ്ഥാപിച്ച ബോർഡുകൾ, ബസ് സ്റ്റോപ്പുകൾ, പാലങ്ങളുടെ താഴെ, ദിശാ സൂചകങ്ങൾ, ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ, ടെലിഫോൺ, കേബിൾ, കെ.എസ്.ഇ.ബി ബോക്‌സുകൾ എന്നിവിടങ്ങളിലെല്ലാം എഴുത്തുകൾ കാണാം.

രാത്രിയിലാണ് വരയ്ക്കുന്നതെന്നാണ് സൂചന. എസ്.ഐ.സി.കെ (sick) എന്നാണ് എഴുത്തിലുള്ള അക്ഷരങ്ങൾ. ആരാണ് ഈ വരകൾക്കു പിന്നിലെന്നത് ദുരൂഹമായി തുടരുകയാണ്. പൊതുഇടങ്ങളിൽ അനുവാദമില്ലാതെ വരയ്ക്കുന്ന ഗ്രാഫിറ്റി കൂട്ടായ്മകളുടെ ഭാഗമായവാരാകാം ഇതെന്നും അനുമാനമുണ്ട്. മുമ്പ് കൊച്ചി മെട്രോയുടെ യാർഡിൽ കയറി ട്രയിനിൽ ഗ്രാഫിറ്റി രചന നടത്തിയവർക്കു പിന്നാലെ രാജ്യവ്യാപക അന്വേഷണം പൊലീസ് നടത്തിയിട്ടും പ്രയോജനമൊന്നും ഉണ്ടായിരുന്നില്ല. നഗരവാസികളുടെ കണ്ണുവെട്ടിച്ച് നഗരമാകെ വ്യാപകമാകുന്ന വിചിത്ര രചനയിൽ ആശങ്കയിലാണ് നാട്ടുകാർ. ദുരൂഹതയും കൗതുകവുമുണ്ടാക്കുന്ന ഗ്രാവിറ്റി രചനകൾ എന്ന് വിളിക്കുന്ന ഇവ നഗരത്തിലെ ദിശാ ബോർഡുകളെ പോലും വികൃതമാക്കുകയാണ്.

ബോർഡുകൾ നശിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ ടൗൺ പ്ലാനിംഗ് വിഭാഗം പൊലീസിന് പരാതി നൽകി. നഗരസഭ പരിധിയിൽ കണ്ണാടിക്കാട് പാലത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന മരട് നഗരസഭയുടെ സ്വാഗത ബോർഡിലും ഈ ഭാഗത്ത് പാലത്തിന് കിഴക്കുവശം തോമസ്‌പുരത്തുനിന്നും ഹൈവേയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നഗരസഭയുടെ ശുചിത്വ സമിതി വാർഡ് മൂന്നിൽ സ്ഥാപിച്ച ബോർഡിലും സിക്ക് (SICK) എന്ന പേരിൽ പെയിന്റ് കൊണ്ട് രേഖപ്പെടുത്തി ബോർഡുകൾ നശിപ്പിച്ചിട്ടുണ്ട്. നഗരസഭ ആസ്‌തി നശിപ്പിച്ചവരെ കണ്ടെത്തി അടിയന്തിരമായി നിയമനടപടി സ്വീകരിക്കണമെന്ന് സെക്രട്ടറി ഇ. നാസിം മരട് പൊലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News