മഅ്ദനിയെ മോചിപ്പിക്കാന്‍ കർണാടക മുഖ്യമന്ത്രി ഗവർണറോട് ആവശ്യപ്പെടണം: ജ.മാർക്കണ്ഡേയ കട്ജു

'രാജ്യത്ത് അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദങ്ങളുടെ അടിസ്ഥാനത്തിൽ ബോംബ് സ്ഫോടനക്കേസുകൾ ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കുകയാണ്'

Update: 2023-06-01 04:26 GMT
Advertising

കോഴിക്കോട്: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ മോചിപ്പിക്കാന്‍ കർണാടക മുഖ്യമന്ത്രി ഗവർണറോട് ആവശ്യപ്പെടണമെന്ന് സുപ്രിംകോടതി മുന്‍ ജഡ്ജി മാർക്കണ്ഡേയ കട്ജു. കേരള മുഖ്യമന്ത്രി ഇക്കാര്യത്തിൽ കർണാടക സർക്കാറിൽ സമ്മർദം ചെലുത്തണമെന്നും കട്ജു ആവശ്യപ്പെട്ടു. സിറ്റിസൺ ഫോറം ഫോർ മഅ്ദനി സംഘടിപ്പിച്ച ഉത്തരമേഖല ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിൽ തെറ്റായി പ്രതിചേർക്കപ്പെട്ട് 9 വർഷം ജയിലിൽ കഴിഞ്ഞ മഅ്ദനി 13 വർഷമായി ബംഗളുരു സ്ഫോടന കേസിന്റെ പേരിലും തടവിലാണെന്ന് ജസ്റ്റിസ് കട്ജു പറഞ്ഞു. ആരോഗ്യനില ഗുരുതരമായ മഅ്ദനിയുടെ മോചനത്തിനായി ഭരണഘടനയുടെ 161ആം അനുച്ഛേദ പ്രകാരം കർണാടക ഗവർണർ ഇടപെടണമെന്നാണ് ജസ്റ്റിസ് കട്ജു ആവശ്യപ്പെടുന്നത്. ഇതിനായി ഗവർണറോട് ശിപാർശ ചെയ്യണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ആവശ്യപ്പെട്ടു. കർണാടക മുഖ്യമന്ത്രിയിൽ സമ്മർദം ചെലുത്താൻ കേരള മുഖ്യമന്ത്രിക്കും കത്തയച്ചു.

2011ൽ മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന രണ്ടംഗ ബെഞ്ചിൽ അംഗമായിരുന്നു താനെന്ന് കട്ജു പറഞ്ഞു. അന്ന് സഹജഡ്ജ് തയ്യാറാകാതിരുന്നതുകൊണ്ട് മഅ്ദനിക്ക് ജാമ്യം നൽകാൻ കഴിയാത്തതിൽ അതിയായ ദു:ഖമുണ്ട്. രാജ്യത്ത് അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദങ്ങളുടെ അടിസ്ഥാനത്തിൽ ബോംബ് സ്ഫോടനക്കേസുകൾ ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കുകയാണ്. ഇതിന്‍റെ ഇരയാണ് മഅ്ദനിയെന്നും അദ്ദേഹം പറഞ്ഞു. കാരാട്ട് റസാഖ് അധ്യക്ഷനായിരുന്നു. വർക്കല രാജ്, കാസിം ഇരിക്കൂർ, കെ.എ ഷഫീഖ്, സി.ടി ശുഹൈബ് തുടങ്ങിയവര്‍ ഐക്യദാർഢ്യ സംഗമത്തില്‍ പങ്കെടുത്തു.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News