മേരി റോയിയുടെ സംസ്കാരം ഇന്ന്
രാവിലെ 7 മണി മുതൽ 12 മണി വരെ പൊതുദർശനം ഉണ്ടാകും
കോട്ടയം: അന്തരിച്ച മേരി റോയിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. കോട്ടയത്തെ പള്ളിക്കൂടം സ്കൂളിനോട് ചേർന്നുള്ള വസതിക്ക് സമീപത്താണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ 7 മണി മുതൽ 12 മണി വരെ പൊതുദർശനം ഉണ്ടാകും. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരടക്കമുള്ളവർ മേരി റോയിക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നുണ്ട്. ഇന്നലെ രാവിലെ 9 മണിയോടെയാണ് മേരി റോയി അന്തരിച്ചത്.
1916 ലെ തിരുവിതാംകൂർ ക്രിസ്തീയ പിന്തുടർച്ചാ അവകാശ നിയമം അസാധുവാണെന്നും, വിൽപത്രമെഴുതാതെ മരിക്കുന്ന പിതാവിന്‍റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമാണെന്നുമുള്ള സുപ്രധാന വിധി സമ്പാദിക്കാൻ മുന്നിട്ടറിങ്ങി മേരി റോയ് . നാളിതുവരെ തുടർന്ന് പോന്ന സമ്പ്രദായം നിലച്ചു . 1984 ലാണ് കേരളത്തിൽ ക്രിസ്ത്യൻ സ്ത്രീകൾക്ക് പിതാവിന്‍റെ സ്വത്തിൽ, പിന്തുടർച്ചാവകാശമില്ലാത്തതിനെ ചോദ്യം ചെയ്ത് മേരി റോയ് നിയമയുദ്ധം ആരംഭിച്ചത്. വിൽപത്രം എഴുതി വെക്കാതെ മരിക്കുന്ന പിതാവിന്‍റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യാവകാശമെന്നായിരുന്നു 1986ൽ ആ കേസില്‍ സുപ്രിംകോടതിയുടെ ചരിത്ര വിധി , എന്നാൽ വിധി പ്രകാരം സ്വത്താവകാശം സ്ഥാപിച്ച് കിട്ടാൻ മേരി റോയ് വീണ്ടും നിയമപോരാട്ടം നടത്തേണ്ടി വന്നു .
ഒടുവിൽ, 2002ലാണ് മേരി റോയിയുടെ പൈതൃക സ്വത്തിന്‍റെ ആറിലൊന്ന് അവകാശം അംഗീകരിച്ചു കൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധി വന്നത്. എന്നാൽ ഈ സ്വത്ത് , തിരികെ സഹോദരന് തന്നെ മേരി തിരികെ നൽകി. ഈ പോരാട്ടം തന്നെയാണ് തന്‍റെ സ്വത്തെന്ന് വിളിച്ചുപറയുകയായിരുന്നു മേരി റോയ് . അവകാശങ്ങൾ നിഷേധിക്കപ്പെട്ട് വീട്ടകങ്ങൾ ഒതുങ്ങിപ്പോയ വനിതകൾക്ക് ഊർജ്ജമായിരുന്നു മേരി റോയ് .1933ൽ കോട്ടയത്തെ അയ്മനത്തായിരുന്നു ജനനം.കോട്ടയത്ത് പള്ളിക്കൂടം സ്കൂളിന്‍റെ സ്ഥാപക കൂടിയാണ് മേരി റോയ്.