പെരിയാറിലെ മത്സ്യക്കുരുതി; ജലസേചന വകുപ്പിനെതിരെ ഹൈക്കോടതിയിൽ സത്യവാങ്മൂലം
മലിനീകരണ നിയന്ത്രണ ബോർഡ് മത്സ്യക്കുരുതിയുടെ കാരണം വിശദമാക്കുന്ന സത്യവാങ്മൂലത്തിലാണ് ആരോപണങ്ങൾ
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ ജലസേചന വകുപ്പിനെതിരെ ഹൈക്കോടതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ സത്യവാങ്മൂലം. പാതാളം ബണ്ട് ദീർഘകാലം അടച്ചിടുന്നത് ജൈവമാലിന്യം അടിഞ്ഞുകൂടുന്നതിന് ഇടയാക്കുന്നു. പെരിയാറിലെ ഒഴുക്ക് കുറഞ്ഞ നിലക്കെങ്കിലും നിലനിർത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നു.
2017 ലെ ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നിർദ്ദേശപ്രകാരമാണ് ജലസേചന വകുപ്പിന് നിർദ്ദേശം നൽകിയത്. ഈ നിർദ്ദേശം ജലസേചന വകുപ്പ് നടപ്പാക്കിയില്ലെന്നും സത്യവാങ്മൂലം. മത്സ്യക്കുരുതിയുടെ കാരണം വിശദമാക്കുന്ന സത്യവാങ്മൂലത്തിലാണ് ആരോപണങ്ങൾ.
പാതാളം റെഗുലേറ്റർകം ബ്രിഡ്ജിൻ്റെ ഷട്ടർ തുറന്നത് പിസിബിയെ അറിയിക്കാതെയാണ്. മീൻ ചത്തു പൊന്തിയ രാത്രി തന്നെ സാംപിളുകൾ ശേഖരിച്ചിരുന്നു. ഓക്സിജൻ ലെവൽ കുറഞ്ഞതാണ് കാരണമെന്ന് വ്യക്തമായി. അന്ന് തന്നെയാണ് റഗുലേറ്റർ കം ബ്രിഡ്ജ് തുറന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അതേസമയം, പെരിയാറിലെ മത്സ്യക്കുരുതിയിൽ ചത്ത മീനുകളുടെ അവശിഷ്ടം പുഴയുടെ അടിത്തട്ടിൽ കിടക്കുന്നത് മത്സ്യനാശത്തിനു കാരണമാകുമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടിരുന്നു. പുഴയിലെ ഓർഗാനിക് ലോഡ് കൂടുന്നതിനും അതുവഴി വെള്ളത്തിലെ ഓക്‌സിജന്റെ അളവു കുറയുന്നതിനും ഇത് കാരണമായേക്കാമെന്നാണ് വിദഗ്‌ധാഭിപ്രായം.