ഹിജാബ് നിരോധനത്തിനെതിരെ ബഹുജന മുന്നേറ്റങ്ങൾ ശക്തിപ്പെടണം : വനിതാ നേതാക്കൾ

"മുസ്‌ലിം സ്ത്രീകളുടെ മതപരമായ വസ്ത്രധാരണത്തെ സംരക്ഷിക്കാനും അതിന്റെ പേരിൽ നടക്കുന്ന വിദ്വേഷ അതിക്രമങ്ങളെ തടയാനും പര്യാപ്തമായ നിയമനിർമാണം സാധ്യമാക്കണം."

Update: 2022-02-11 12:39 GMT
Advertising

കർണാടകയിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന മുസ്‌ലിം സ്ത്രീകളുടെ ഹിജാബിനുള്ള വിലക്കിലും തുടർന്നുണ്ടാകുന്ന വിദ്വേഷ അതിക്രമങ്ങളിലും ബഹുജന മുന്നേറ്റങ്ങൾ ശക്തിപ്പെടണമെന്ന് വനിതാ നേതാക്കൾ. വനിതാ ആക്റ്റിവിസ്റ്റുകളും ,വിദ്യാർഥിനി നേതാക്കളും, കലാ-സാംസ്കാരിക പ്രവർത്തകരും, ഗവേഷക വിദ്യാർഥിനികളും ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഹിജാബിനെ മുൻനിർത്തി കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്നത് സ്ഥാപനവൽക്കരിക്കപ്പെട്ട ഇസ്ലാഫോബിയയും ഹിന്ദുത്വ ഫാഷിസത്തിന്റെ വംശീയ വിദ്വേഷവുമാണ്. മുസ്‌ലിം സ്ത്രീകളുടെ മതപരമായ വസ്ത്രധാരണ അവകാശം നിഷേധിക്കുന്നതോടൊപ്പം തന്നെ വംശീയ ആക്രമണങ്ങൾക്ക് കൂടി ഹിജാബും നിഖാബും കാരണമാക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

"ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബുമായി ബന്ധപ്പെട്ട അവകാശ നിഷേധങ്ങളെ ഹിജാബ് -യൂണിഫോം എന്ന ദ്വന്ദത്തിൽ മാത്രം പൊതു സമൂഹം ചർച്ചക്കെടുക്കുന്നത് പ്രശ്നത്തിന്റെ ഗൗരവം ലഘൂകരിക്കും. ഇന്ത്യയിൽ മതപരമായ ചിഹ്നങ്ങൾ പല മത വിഭാഗങ്ങൾക്കും ഔദ്യോഗികമായ അവകാശമായി സവിശേഷമായി പരിഗണിക്കപ്പെടുകയും നിയമപരമായ സുരക്ഷ ലഭ്യമാക്കുകയും ചെയ്യുമ്പോഴാണ് മുസ്‌ലിം സ്ത്രീകൾ ഇത്തരം കടുത്ത അവകാശ ലംഘനം നേരിടേണ്ടി വരുന്നത്. അതിനാൽ കേവലമൊരു യൂണിഫോം വിഷയം എന്നതിലുപരി മുസ്‌ലിം ജനതയുടെ ഉന്മൂലനം ലക്ഷ്യമാക്കിയുള്ള ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധം."

മുസ്‌ലിം സ്ത്രീകളുടെ മതപരമായ വസ്ത്രധാരണത്തെ സംരക്ഷിക്കാനും അതിന്റെ പേരിൽ നടക്കുന്ന വിദ്വേഷ അതിക്രമങ്ങളെ തടയാനും പര്യാപ്തമായ നിയമനിർമാണം സാധ്യമാക്കണം. അതിനാവശ്യമായ രാഷ്ട്രീയ-സാംസ്‌കാരിക സമ്മർദ്ദങ്ങൾ സൃഷ്ടിക്കാൻ ജനപ്രതിനിധികളും സാംസ്‌കാരിക പ്രവർത്തകരും മുന്നോട്ട് വരണം. ഈ വിഷയത്തിൽ ബഹുജന മുന്നേറ്റങ്ങൾ ശക്തിപ്പെടേണ്ടതുണ്ടെന്നും വനിതാ നേതാക്കൾ അഭിപ്രായപ്പെട്ടു.

കർണാടകയിലെ വിവിധയിടങ്ങളിൽ മുസ്‌ലിം വിദ്യാർഥിനികൾ നടത്തുന്ന പ്രക്ഷോഭങ്ങൾ ഈ പ്രശ്നം അനുഭവിക്കുന്ന ഇന്ത്യയിലെ മുഴുവൻ മുസ്‌ലിം വിദ്യാർഥിനികൾക്കും വലിയ പ്രചോദനമാണ് നൽകുന്നത്. ഈ സമരങ്ങളുടെ തുടർച്ച ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും‌ വിദ്യാർഥികൾ ഏറ്റെടുക്കേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

കെ കെ രമ എം.എൽ.എ , ഡോ. ശംഷാദ് ഹുസൈൻ, ജോളി ചിറയത്ത്,ഡോ.രേഖ രാജ്, ദീപ പി മോഹനൻ, ലാലി പി എം, ഗോമതി, ഡോ. ഷെറിൻ ബി എസ്, ഡോ. വർഷ ബഷീർ, ജി ഉഷ കുമാരി, ഡോ. ജെനി റൊവീന, ഉമ്മുൽ ഫായിസ, അംബിക, സതി അങ്കമാലി, അഡ്വ. ബിന്ദു അമ്മിണി, ശീതൾ ശ്യാം, ആയിഷ റെന്ന, ലദീദ ഫർസാന, അഡ്വ. നജ്മ തബഷീറ, റാണിയ സുലൈഖ, നിദ പർവീൺ, അലീന ആകാശമിഠായ്, മുഫീദ തസ്‌നി, മൃദുല ഭവാനി, പി റുക്‌സാന, പി വി റഹ്മാബി, ഫർഹാന ആഷിഖ്, നുസ്‌റ ശാക്കിർ, രഹന ഷാജഹാൻ, ജബീന ഇർഷാദ്, ഫാത്തിമ അസ്‌ല, ലബീബ മംഗലശ്ശേരി, ആയിഷ ബാനു, റുമൈസ റഫീഖ്, നജ്ദ റൈഹാൻ, സെബ ഷെറിൻ, അഡ്വ.തമന്ന സുൽത്താന, അഞ്ജലി മോഹൻ, നൗഷബ നാസ്, നാജിയ പി പി , നൂർജഹാൻ, ഹുദ അഹ്സൻ, ഇസ്സ അഹ്‌സൻ, ഫസ്ന മിയാൻ, റബീഹ അബ്ദുറഹീം, ബന്ന ഫാത്തിമ, ശാബാസ് ഫാത്തിമ, ഫാത്തിമ ബത്തൂൽ, ഷബ്‌ന സുമയ്യ, ഫാത്തിമ സഹ്റ ബത്തൂൽ, സമർ അലി, റംസിയ അഷ്‌റഫ്‌, ഫായിസ സി എ, മിന ജലീൽ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.

Summary : Mass movements should be strengthened against the ban on hijab: Women leaders

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News