കണ്ടല ബാങ്കിലെ രജിസ്റ്ററിൽ വൻ തിരിമറി; ഒരു കോടിക്ക് മുകളിൽ നിക്ഷേപിച്ചവരുടെ വിവരങ്ങളില്ല
ബാങ്കിലെ നാല് ജീവനക്കാരെ ചോദ്യം ചെയ്യും
തിരുവനന്തപുരം: തട്ടിപ്പ് നടന്ന കണ്ടല സഹകരണ ബാങ്ക് രജിസ്റ്ററിൽ വൻ തിരിമറി. ഒരു കോടിക്ക് മുകളിൽ നിക്ഷേപിച്ചവരുടെ വിവരങ്ങൾ രജിസ്റ്ററിലില്ല. ഇ.ഡി പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ബാങ്കിലെ പഴയ രജിസ്റ്റർ ബുക്ക് മാറ്റിയതായി സംശയിക്കപ്പെടുന്നത്. വിഷയത്തിൽ ബാങ്കിലെ നാല് ജീവനക്കാരെ ചോദ്യം ചെയ്യും. ഇന്നലെ പരിശോധന തുടങ്ങിയ ഇഡി ഇന്ന് മാറനെല്ലൂർ ശാഖയിൽ മാത്രമാണ് പരിശോധന തുടരുന്നത്. ഇവിടെയാണ് രജിസ്റ്റർ മാറ്റിയതായി സംശയമുയർന്നിരിക്കുന്നത്.
കോടികളുടെ നിക്ഷേപ തട്ടിപ്പാണ് കണ്ടല സഹകരണ ബാങ്കിൽ കണ്ടെത്തിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന 31 മണിക്കൂർ പിന്നിട്ടിരുന്നു. താക്കോൽ കിട്ടാത്തതിനാൽ ഇഡി ഉദ്യോഗസ്ഥർ ബാങ്ക് ലോക്കർ പൊളിച്ചു പരിശോധിച്ചു. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ മുൻ ബാങ്ക് പ്രസിഡൻറ് എൻ ഭാസുരാംഗനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ, ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തിനെ കണ്ടല സഹകരണ ബാങ്കിന്റെ മാറനല്ലൂർ ശാഖയിലേക്ക് വിളിപ്പിച്ചു. അഖിൽ ജിത്തിന്റെ ലോക്കർ ഇ ഡി തുറന്നു പരിശോധിച്ചു. ലോക്കർ പരിശോധനക്ക് ശേഷം അഖിൽജിത്തിനെ കണ്ടല മാറനല്ലൂരിലെ വീട്ടിലെത്തിച്ചു.
ബാങ്ക് മുൻ ഭാരവാഹികളുടെ വീട്ടിൽ അടക്കം ഒമ്പത് ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഭാസുരാംഗന്റെ മകന്റെ ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ ഏഴര ക്കോടിയുടെ പൊരുത്തക്കേട് കണ്ടെത്തി. പൂജപ്പുരയിലെ വാടക വീട്ടിൽ നിന്ന് പൂട്ടിക്കിടന്ന മാറനല്ലൂരിലെ സ്വവസതിയിലെത്തിച്ച് ചോദ്യം ചെയ്യുമ്പോഴാണ് ഭാസുരാംഗൻ തളർന്ന് വീണത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ആശുപത്രി അറിയിച്ചു. ഇഡി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് ആശുപത്രി വാസം. ഒരേ ആധാരം വച്ച് പല പേരുകളിൽ വായ്പയെടുത്തെന്ന നിക്ഷേപകരുടെ പരാതിയിലാണ് കൂടുതൽ രേഖകൾ കണ്ടെത്താൻ ബാങ്കിലെ പരിശോധന നീണ്ടു പോകുന്നത്. 35 കോടി രൂപയാണ് ഭാസുരാംഗനും കുടുംബാംഗങ്ങളും ബാങ്കിലെ ജീവനക്കാരും ബന്ധുക്കളും എടുത്തിട്ടുള്ള ആകെ വായ്പ.