മത്തായിയുടെ കസ്റ്റഡി മരണം; ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സി.ബി.ഐ പ്രതിചേർത്തു

പതിനൊന്നുമാസത്തെ അന്വേഷണത്തിനു ശേഷമാണ് സി.ബി.ഐ നടപടി.

Update: 2021-08-17 08:21 GMT
Advertising

പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണത്തിൽ ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സി.ബി.ഐ പ്രതിചേർത്തു. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യുട്ടി റേഞ്ച് ഓഫീസർ ആർ‌ രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ പ്രദീപ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ സന്തോഷ്, വി .ടി അനിൽകുമാർ, വി. എം ലക്ഷ്മി, ട്രൈബൽ വാച്ചർ ഇ വി പ്രദീപ് കുമാർ എന്നിവരാണ് പ്രതികൾ. പതിനൊന്നുമാസത്തെ അന്വേഷണത്തിനു ശേഷമാണ് സി.ബി.ഐ നടപടി. നിലവിലെ അന്വേഷണത്തിൽ പൂർണ്ണവിശ്വാസമാണെന്ന് മത്തായിയുടെ കുടുംബം പറഞ്ഞു.

2020 ജൂലൈ 28നാണ് ചിറ്റാർ കുടപ്പനയിലെ കുടുംബ വീട്ടിലെ കിണറ്റിൽ മത്തായിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആദ്യം അന്വേഷണം ഏറ്റെടുത്ത ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും മത്തായിയുടെ മരണം ആത്മഹത്യയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നുമായിരുന്നു കണ്ടെത്തിയത്. തുടർന്ന് 41 ദിവസത്തോളം മൃതദേഹം സംസ്കരിക്കാതെ മോർച്ചറിയിൽ സൂക്ഷിച്ച കുടുംബം നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിനൊടുവിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.  

മനഃപൂർവമല്ലാത്ത നരഹത്യ, തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടങ്കലിൽ വെക്കൽ, മോചനദ്രവ്യം ആവശ്യപ്പെടൽ ഉൾപ്പടെ 12 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതി ചേർക്കപ്പെട്ട ഉദ്യോഗസ്ഥരുടെ അറസ്റ്റടക്കമുള്ള നടപടികളാണ് ഇനി അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. അതേ സമയം നിലവിലെ പ്രതികളെ കൂടാതെ ഇവരെ സഹായിച്ച രണ്ട് ഫോറസ്റ്റ് ജീവനക്കാർ കൂടി പ്രതി പട്ടികയിലേക്കെത്തുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന സൂചന.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News