മാതമംഗലം തൊഴിൽ തർക്കം; സിഐടിയു സമരം പിൻവലിക്കാൻ ധാരണയായി
കടയുടെ മുന്നിലെ സമര പന്തൽ പൊളിച്ചു മാറ്റും
കണ്ണൂർ മാതമംഗലത്ത് സിഐടിയു ഭീഷണിയി തുടർന്ന് കട അടച്ചു പൂട്ടിയ സംഭവത്തിൽ വിഷയം ഒത്തുതീർപ്പിലേക്ക്. സി ഐ ടി യു നടത്തിവന്ന സമരം പിൻവലിക്കാൻ ധാരണയായി. കടയുടെ മുന്നിലെ സമര പന്തൽ പൊളിച്ചു മാറ്റും. ലേബർ കമ്മീഷണർ എസ്. ചിത്ര ഐ.എ.എസിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച നടത്തിയത്. ചർച്ചയിൽ കടയുടമ റബീഹ് മുഹമ്മദ് കുട്ടിയും ചർച്ചയിൽ പങ്കെടുത്തിരുന്നു.
വലിയ വാഹനങ്ങളിൽ വരുന്ന ലോഡ് സിഐടിയുവിന് ഇറക്കാം. ചെറിയ വാഹനങ്ങളിലേയും കടയ്ക്കുള്ളിലെയും ചരക്ക് നീക്കം ഉടമക്കും നടത്താമെന്ന് ചർച്ചയിൽ തീരുമാനമായി.
സ്ഥാപനത്തിൽ നിന്നും കയറ്റുന്ന എല്ലാ സാധനങ്ങളും സ്ഥാപനത്തിലെ 26 എ കാർഡ് ഉള്ള തൊഴിലാളികൾ ചെയ്യുവാനും ഇരുകൂട്ടരും സമ്മതിച്ചു. സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും തൊഴിലാളി യൂണിയന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതാണെന്ന് യൂണിയൻ പ്രതിനിധികൾ അറിയിച്ചു.
വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇരുകൂട്ടരുമായും ചർച്ച നടത്താൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി ലേബർ കമ്മീഷണർ എസ് ചിത്ര ഐ എ എസിനെ ചുമതലപ്പെടുത്തുകയായിരുന്നു. ചർച്ചയോട് സഹകരിച്ച മാനേജ്‌മെന്റിനോടും തൊഴിലാളി യൂണിയനോടും മന്ത്രി നന്ദി അറിയിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് കാണിച്ച് സംസ്ഥാനത്തെ തൊഴിലന്തരീക്ഷം തകർന്നുവെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള ചുട്ട മറുപടിയാണ് തർക്ക പരിഹാരമെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
കഴിഞ്ഞാഴ്ചയാണ് മാതമംഗലത്ത് പ്രവർത്തിച്ചിരുന്ന എസ്.ആർ.അസോസിയേറ്റ് എന്ന സ്ഥാപനം സിഐടിയു ഭീഷണിയെ തുടർന്ന് കടയുടമ അടച്ചുപൂട്ടിയത്. റബീഹ് മുഹമ്മദ് കുട്ടിയുടെ ഉടമസ്ഥയിലിലുള്ള കടയാണ് അടച്ചു പൂട്ടിയത്. കടയിൽ സാധനം വാങ്ങാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകനെ അക്രമിച്ച സംഭവത്തിനു പിന്നാലെ തനിക്കും നിരന്തരം ഭീഷണിയുണ്ടായെന്നാണ് കടയുടമ വ്യക്തമാക്കിയത്.
കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തിയവരെ ട്രേഡ് യൂണിയൻ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് കടയുടമ ആരോപിച്ചു. കഴിഞ്ഞ രണ്ട് മാസമായി തനിക്കെതിരെ സിഐടിയു പ്രവർത്തകർ സമരം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം തൊഴിലാളികളെ കൊണ്ട് കടയിൽ സാധനങ്ങൾ കയറ്റാനും ഇറക്കാനും ഹൈക്കോടതിയിൽ നിന്നും അനുമതി തേടിയിരുന്നു. ഇതിനു ശേഷം കടയുടെ മുന്നിൽ താത്കാലിക ഷെഡ് കെട്ടിയ സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതിനാൽ ആരും കടയിലേക്ക് വരുന്നില്ലെന്നും അതിനാൽ കട അടച്ചിടുകയല്ലാതെ വേറെ മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു.