മീഡിയവൺ വിലക്ക്: കെ.സി വേണുഗോപാലിന്റെ ചോദ്യത്തിൽ രാജ്യസഭയിൽ ബഹളം

വിലക്കിയതിന്റെ കാരണം സഭയിൽ വ്യക്തമാക്കണമെന്ന് കെ സി വേണുഗോപാൽ ഉന്നയിച്ചു. ദേശസുരക്ഷാ നിയമം സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നും കെസി വേണുഗോപാൽ പറഞ്ഞു.

Update: 2022-02-03 08:11 GMT
Editor : abs | By : Web Desk
Advertising

മീഡിയവൺ വിലക്കിൽ രാജ്യസഭയിൽ ബഹളം. വിലക്കിയതിന്റെ കാരണം സഭയിൽ വ്യക്തമാക്കണമെന്ന് കെ സി വേണുഗോപാൽ ഉന്നയിച്ചു. ദേശസുരക്ഷാ നിയമം സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നും കെസി വേണുഗോപാൽ പറഞ്ഞു.

വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ മറുപടി പറയുന്നില്ല. ചാനലിന് ആഭ്യന്തര വകുപ്പിന്റെ അനുമതിയാണ് ലഭിക്കേണ്ടതെന്നും സഹമന്ത്രി ഡോ. എൽ മുരുഗൻ മറുപടി നൽകി. യൂടൂബിലും ട്വിറ്ററിലും എഫ് ബിയിലുമായി 60 ചാനലുകളെ സുരക്ഷാ കാരണങ്ങളാൽ നിരോധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എം.കെ.രാഘവൻ,അടൂർ പ്രകാശ് എന്നിവരാണ് നോട്ടീസ് നൽകിയത്. പാർലമെന്റിൽ തുടർച്ചയായി രണ്ടാം തവണയാണ് കേരളത്തിൽ നിന്നുള്ള എംപിമാർ മീഡിയവൺ സംപ്രേഷണ വിലക്ക് ഉന്നയിക്കുന്നത്. കേവലം ഇതൊരു ചാനലിന് നേരെയുള്ള പ്രശ്‌നമായിട്ട് കരുതുന്നില്ല, മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്നൊരു പ്രവര്‍ത്തനമാണ്. അതുകൊണ്ട് തന്നെ സഭാനടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് എം.പിമാർ ആവശ്യപ്പെടുന്നത്.

ഇന്നലെയും ഈ വിഷയം ഉന്നയിച്ചുകൊണ്ട് എംപിമാര്‍ രംഗത്ത് എത്തിയിരുന്നു. എൻകെ പ്രേമചന്ദ്രൻ എം.പി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, അബ്ദുസമദ് സമദാനി എം.പി, തമിഴ്നാട്ടിൽ നിന്നുള്ള നവാസ്‍ ഗനി എം.പി എന്നിവരാണ് ഇന്നലെ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന സംരക്ഷണത്തിന് എതിരാണ് കേന്ദ്രസർക്കാരിന്‍റെ നടപടിയെന്നും മീഡിയവണിനെ കേൾക്കാതെയാണ് മന്ത്രാലയം നടപടിയെടുത്തതെന്നുമായിരുന്നു അടിയന്തര പ്രമേയ നോട്ടീസിൽ വ്യക്തമാക്കിയിരുന്നത്.

അതേസമയം മീഡിയവൺ സംപ്രേഷണം വിലക്കിയതിൽ പാർലമെന്‍റ് ഐ.ടി സമിതി കേന്ദ്രവാർത്താ വിതരണ മന്ത്രാലയത്തോട് വിശദീകരണം ചോദിച്ചിരുന്നു. ഈ മാസം ഒന്‍പതിന് ചേരുന്ന യോഗത്തില്‍ മന്ത്രാലയ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകാന്‍ നിർദേശിച്ചിട്ടുണ്ടെന്ന് സമിതി ചെയർമാന്‍ ശശി തരൂർ മീഡിയവണിനോട് പറഞ്ഞു. മീഡിയവൺ സംപ്രേഷണ വിലക്കിന് നിയമ പിന്തുണയില്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് വാർത്താ വിതരണ മന്ത്രാലയത്തോട് വിശദീകരണം ചോദിച്ച വിവരം ശശി തരൂർ വ്യക്തമാക്കിയത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News