മീഡിയവൺ വിലക്ക്, സുപ്രിംകോടതി സ്റ്റേ ആശ്വാസകരം: എം.എ ബേബി
ഇന്ന് മീഡിയ വണിനെതിരെ ഉണ്ടായ ആക്രമണം നാളെ ആർക്കെതിരെയും ഉണ്ടാകാമെന്നും എം.എ ബേബി പറഞ്ഞു.
മീഡിയവണിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണവിലക്ക് സ്റ്റേ ചെയ്ത സുപ്രിംകോടതി നീക്കം ആശ്വാസകരമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. രാജ്യത്ത് നീതിന്യായ വ്യവസ്ഥ അപകടത്തിലേക്ക് പോകുകയാണ്. ജാതി മത ഭേദമന്യേ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന നടപടിയാണ് മീഡിയ വണിനോട് ഉണ്ടായതെന്നും എംഎ ബേബി പറഞ്ഞു. തിരുവനന്തപുരത്ത് ഫോറം ഫോർ മീഡിയ ഫ്രീഡം സംഘടിപ്പിച്ച ബഹുജന സംഗമത്തിൽ സംസാരിക്കുകയായിരുന്നു എം.എ ബേബി.
അപ്രഖ്യാപിത അടിയന്തിരാവസ്ഥ രാജ്യത്ത് നിലനിൽക്കുന്നു. സീൽഡ് കവർ സംവിധാനം ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും മാനഭംഗപ്പെടുത്തുന്നതാണ്. രാജ്യവും നീതിന്യായ വ്യവസ്ഥയും വലിയ അപകടത്തിലേക്ക് പോകുന്നു. ഇത് പത്ര സ്വാതന്ത്രത്തിന്റെ മാത്രം പ്രശ്‌നമല്ല, ഇന്ത്യൻ ഭരണത്തിന്റെ ചരട്‌വലിക്കുന്നത് നാഗ്പൂരിലിരിക്കുന്ന ആർഎസ്എസാണ്. മീഡിയവണ്ണിനെതിരായ നടപടിയും അവിടെ നിന്ന് തന്നെയാണോ ഉണ്ടായതെന്ന് സംശയിക്കണം. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുളള നീക്കത്തിന്റെ ചുവടുവെപ്പാണിത്. ഇന്ന് മീഡിയവണിനെതിരെ ഉണ്ടായ ആക്രമണം നാളെ ആർക്കെതിരെയും ഉണ്ടാകാമെന്നും എം.എ ബേബി പറഞ്ഞു.
മീഡിയവണിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണവിലക്ക് ഇന്ന് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ് എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് ഇടക്കാല വിധി. ചാനലിന് മുൻപുണ്ടായിരുന്നതുപോലെ പ്രവർത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു. വിലക്കേർപ്പെടുത്തുന്നതിനുള്ള സുരക്ഷാ ആശങ്കകൾ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ഫയലുകൾ പരിശോധിച്ച ശേഷമാണ് വിലക്ക് സ്റ്റേ ചെയ്തത്.
സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയവണിന്റെ ആവശ്യത്തിലാണ് ബെഞ്ച് ഇന്ന് വാദം കേട്ടത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ മീഡിയവൺ സമർപ്പിച്ച ഹരജി മാർച്ച് പത്തിനാണ് സുപ്രിംകോടതി പരിഗണിച്ചത്. ചൊവ്വാഴ്ച വിശദമായ വാദം കേൾക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. 'മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് സ്റ്റേ ചെയ്തതായി ഞങ്ങൾ വിധിക്കുന്നു. ഹരജിക്കാർക്ക്, മീഡിയവൺ ചാനൽ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനുമുൻപുള്ള അതേ അടിസ്ഥാനത്തിൽ നടത്താം' കോടതി ഉത്തരവിട്ടു. ഇന്റലിജൻസ് റിപ്പോർട്ട് എന്താണെന്ന് അറിയാൻ ഹരജിക്കാർക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. 'ഫയലുകൾ പുറത്തു വിടണം. ഹരജിക്കാർക്ക് അതറിയാനുള്ള അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെടണം. മാധ്യമസ്ഥാപനം എന്ന നിലയിൽ പരിരക്ഷ അർഹിക്കുന്നുണ്ട്' ബെഞ്ച് നിരീക്ഷിച്ചു. ഈ മാസം 26നുമുൻപ് കേന്ദ്രം വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.